EntertainmentKeralaNews

ഉറക്കം നടിച്ച് കണ്ട അവളുടെ രാവുകള്‍, തുറന്നെഴുതി വിധുവിന്‍സന്റ്

കൊച്ചി: കന്നിചിത്രത്തിലൂടെതന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ശ്രദ്ധേയയായ സംവിധായികയാണ് വിധുവിന്‍ സന്റ് വിധുവിന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയതുകൂടിയായിരുന്നു ആദ്യചിത്രമായ മാന്‍ഹോള്‍.സ്ത്രീകഥാപാത്രങ്ങള്‍ ശക്തമായ സാന്നിദ്ധ്യമറിയിയ്ക്കുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രവുമായാണ് വിധു വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

യുവ നടിമാരായ നിമിഷ സജയും രജിഷ വിജയനുമാണ് സിനിമയിലെ നായികമാരായി എത്തുന്നത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് നിര്‍മ്മിക്കുന്നത്. നടി സീമയും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിധു. സീമയുടെ ചിത്രം കണ്ടതിനെ കുറിച്ചും സ്റ്റാന്‍ഡ് അപ്പില്‍ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ചും വിധു വ്യക്തമാക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിധു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സീമചേച്ചിയെ കുറിച്ച് പറയുമ്പോ അനുബന്ധം എന്ന സിനിമയാണ് ഓര്‍മ്മ വരുന്നത്. അന്ന് ഞാന്‍ ആറാം ക്ലാസ്സിലാ പഠിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞ് വന്നിട്ട് സങ്കടം സഹിക്കാതെ കുറേ കരഞ്ഞു .ഇനിയും കരഞ്ഞാല്‍ അടി തരുമെന്ന പപ്പായുടെ ഭീഷണിയുടെ പുറത്താണ് കരച്ചില്‍ നിര്‍ത്തിയത്. അവളുടെ രാവുകള്‍ എന്ന സിനിമ കാണുന്നത് ഗള്‍ഫില്‍ നിന്ന് മാമന്‍ ആദ്യമായി കൊണ്ടുവന്ന വി സി പി യില്‍ ക്യാസറ്റ് ഇട്ടിട്ടാണ്. ഞങ്ങള് കുട്ടികളൊക്കെ ഉറങ്ങിയ സമയത്ത് മുതിര്‍ന്നവര്‍ ഇരുന്ന് സിനിമ കണ്ടതും ഞാന്‍ ഉറക്കം നടിച്ച് അവരുടെയിടയില്‍ കിടന്ന് സിനിമ കണ്ടതുമാണ് അവളുടെ രാവുകളെ സംബന്ധിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മ.

ഒരു പാട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എന്റെ രണ്ടാമത്തെ സിനിമയായ സ്റ്റാന്‍ഡ് അപ്പിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നടീനടന്മാരെ അന്വേഷിക്കുന്ന സമയം. വളരെ സ്ട്രോംഗായ ഒരു ലേഡീ ഡോക്ടറുടെ റോള്‍ ഉണ്ട്. ആരെ വിളിക്കണം എന്നാലോചിച്ചപ്പോ ഞങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ യാണ് സീമചേച്ചിയെ വിളിച്ചാലോ എന്നു നിര്‍ദ്ദേശിച്ചത്.സീമചേച്ചി എന്നെ പോലൊരു ജൂനിയര്‍ സംവിധായികയുടെ സിനിമയിലേക്ക് വരുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം. എല്‍ദോ തന്നെ സീമ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. എന്നോട് വിളിക്കാന്‍ പറഞ്ഞു. ഫോണില്‍ സീമചേച്ചിയെ വിളിച്ചു, ‘ഞാന്‍ വിധു-… ‘ അത്രയേ പറഞ്ഞുള്ളൂ. അപ്പുറത്ത് നിന്ന് ‘ യാര്, വിധുവാ? ഇതു താനെ നമ്മ ലേഡി ഡയറക്ടര്‍? വിധുവിന്റെ ക്യാരക്ടറിന് ഞാന്‍ പോതുമാ?’
”എന്തൊരു ചോദ്യം? ആയിരം വട്ടം പോതും ‘ എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു. പറ്റിയില്ല, കാരണം അപ്പുറത്തു നിന്ന് കേള്‍ക്കുന്നത് അനുബന്ധത്തിലെ സുനന്ദ ടീച്ചററെയാണ്, അമേരിക്ക അമേരിക്കയിലെ നീനയെയാണ്, കരിമ്പിലെ മെറീനയെയാണ്. നേരിട്ടു കേള്‍ക്കുമ്പോഴാണത് ബോധ്യപ്പെട്ടത് – ഈ കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചിയുടെ ശബ്ദത്തിന് സീമചേച്ചിയുടെ ശബ്ദവുമായി അത്ര സാദൃശ്യമുണ്ട്.

ഷൂട്ടിംഗിന്റെ തലേന്ന് തന്നെ ചേച്ചിയെത്തി. ഹോട്ടലിലെത്തിയ സീമചേച്ചിയെ കാണാന്‍ എല്‍ദോയ്ക്കൊപ്പം ഞാനും പോയി. ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷമാണ് ചേച്ചി എന്നെ കണ്ടയുടനെ പങ്കുവച്ചത്.പിന്നീട് വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ചേച്ചിയുടെ ക്യാരക്ടറിന്റെ ഡീറ്റെയ്ല്‍സ് ചോദിച്ചു. ഞാന്‍ സ്റ്റാന്‍ഡ് അപ്പിന്റെ കഥ ചുരുക്കി പറഞ്ഞു.
ചേച്ചിയുടെ മറുപടി ‘ ശശിയേട്ടന്‍ ഞങ്ങളെയൊക്കെ വിട്ടു പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇപ്പോഴും എനിക്കതങ്ങോട്ട് വിശ്വസിക്കാന്‍ വയ്യ. അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെനിക്ക് ഒന്നും ചെയ്യാന്‍ തോന്നിയില്ല. അങ്ങനെ ഒരു നീണ്ട ഇന്റര്‍വെല്ലിനു ശേഷം ഞാന്‍ വീണ്ടും സ്‌ക്രീനിലേക്ക് വരികയാ.സൊ ഇത് എനിക്കുമൊരു സ്റ്റാന്‍ഡ് അപ് മൊമന്റാണ്.’ നിറഞ്ഞ കണ്ണുകളോടെ ഇതും പറഞ്ഞ് ചേച്ചി എന്നെ കെട്ടിപ്പിടിച്ചു. എനിക്കും കരച്ചില്‍ വന്നു.

സീമ ചേച്ചി, ചില ദുരന്തങ്ങള്‍ അവിചാരിതമായിട്ടാവും നമ്മളെ തേടി വരുന്നത്. അത്രയും അവിചാരിതമായിട്ട് തന്നെയാവും ചില നിവര്‍ന്നു നില്പുകളിലേക്ക് നമ്മള്‍ എത്തിച്ചേരുന്നതും.

Thank you Seema chechy for your strong and wonderful presence in Stand up. we love You

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker