‘ആ പയ്യന് കേരളാ കോണ്‍ഗ്രസിനെ കൊണ്ടുനടക്കാന്‍ കഴിവില്ല’; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: പാലാ ഉപതെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തില്‍ ജോസ് കെ മാണിയെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ എം മാണിയുടെ മരണ ശേഷം കേരള കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്ത ജോസ് കെ മാണിക്ക് നേതൃപാടവമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആ പയ്യനെകൊണ്ട് കേരള കോണ്‍ഗ്രസ് കൊണ്ടുനടക്കാന്‍ കഴിവില്ലെന്ന് അണികളില്‍ പലരും പറഞ്ഞു. ജോസ് കെ മാണിയുടെ കുടുംബവുമായി അടുത്ത് നില്‍ക്കുന്ന ചിലര്‍ അക്കാര്യം ചൂണ്ടിക്കാട്ടിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്ന കേരള കോണ്‍ഗ്രസ് പുറത്തുനില്‍ക്കട്ടെയെന്നും മണി സി കാപ്പന്‍ അകത്തുവരട്ടെയെന്നും ജനങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാകും. പാലായില്‍ മാണി സി കാപ്പന്‍ ജയിക്കണമെന്ന് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ മാത്രമല്ല ആഗ്രഹിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലാ ബിഷപ്പ് പോലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെ വിജയം പിണറായി വിജയന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണ്. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്. ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്ന് പറയാന്‍ അവര്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടായിരുന്നു വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.