CrimeKeralaNews

‘എത്ര ഉറക്കത്തിലായാലും പാമ്പു കടിയേറ്റാല്‍ അറിയും’,ഭദ്രമായി അടച്ചുപൂട്ടിയ മുറിയില്‍ പാമ്പുകയറാന്‍ സാധ്യത കുറവ്,വാവ സുരേഷിന്റെ നിഗമനങ്ങള്‍ ക്യത്യം

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നതായി പാമ്പ് പിടുത്ത വിദഗ്ധന്‍ വാവ സുരേഷ്. പാമ്പുകടിയേറ്റാല്‍ എത്ര ഉറക്കത്തിലാണെങ്കിലും അറിയുമെന്ന് വാവ സുരേഷ് പറഞ്ഞു. അസഹനീയമായ വേദനയുണ്ടാകുമെന്നും ഉറക്കത്തിലുള്ള ആള്‍ ഉണരുമെന്നും വാവ സുരേഷ് പറഞ്ഞു.

ഗുളിക കഴിക്കുന്ന ആളാണെങ്കില്‍ പാമ്പ് കടിയേറ്റാലും അറിയണമെന്നില്ല. അല്ലാത്ത പക്ഷം എത്ര ഉറത്തിലുള്ളവരും അത് അറിയും. യുവതി കിടന്നത് മുകളിലത്തെ നിലയിലാണ്. ജനല്‍ വഴി പാമ്പ് കയറാനുള്ള സാധ്യത കുറനാണ്. എ.സി മുറിയിലും പാമ്പ് കയറാന്‍ സാധ്യത കുറവാണ്. പ്രാധാനമായും പാമ്പുകള്‍ എത്തുന്നത് വൃത്തികേടായി കിടക്കുന്ന ഇടങ്ങളിലോ എലിയുടെ സഞ്ചാരപാതയിലൂടെ ഭക്ഷണം തേടിയോ ഒക്കെയാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും പാമ്പുകള്‍ എത്തിയേക്കാമെന്നും വാവ സുരേഷ് പറഞ്ഞു.എന്നാല്‍ ഇവിടെ അത്തരം സാഹചര്യങ്ങളില്ല.

മുന്‍പ് യുവതിയെ കടിച്ചത് അണലി ആയിരിക്കണമെന്നില്ല. അണിലിയാണ് കടിക്കുന്നതെങ്കില്‍ വയറിന് വേദന, മൂത്ര തടസം ഉള്‍പ്പെടെ അനുഭവപ്പെടാം. യുവതിക്ക് ചികിത്സ വൈകിയെന്ന ആരോപണമുണ്ട്. അണലിയാണ് കടിക്കുന്നതെങ്കില്‍ ചികിത്സ വൈകുന്നത് അനുസരിച്ച് മരണ സാധ്യത കൂടുതലാണെന്നും വാവ സുരേഷ് വ്യക്തമാക്കി.

പാമ്പിനെ യുവതിയുടെ ഭര്‍ത്താവ് ബാഗില്‍ കൊണ്ടുവന്നുവെന്ന കുടുംബത്തിന്റെ സംശയത്തോടും വാവ സുരേഷ് പ്രതികരിച്ചു. പാമ്പിനെ കൈകൊണ്ട് എടുക്കണമെങ്കില്‍ അയാള്‍ പാമ്പ് പിടിക്കുന്ന ആളായിരിക്കണം. അല്ലെങ്കില്‍ അയാള്‍ക്ക് പാമ്പ് പിടിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം. ഈ സാധ്യതകളും പരിശോധിക്കേണ്ടതാണെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. അഞ്ചല്‍ ഏറത്ത് ഉത്ര മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചത്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉത്രയുടെ ഭര്‍ത്താവ് സൂരജിനൊപ്പം രണ്ടുപേരെക്കൂടി ചോദ്യം ചെയ്യുന്നുണ്ട്. കൊല്ലം റൂറല്‍എസ്പി ഹരിശങ്കറിന്റെയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായാണ് ലഭിക്കുന്ന വിവരം. രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമം നടത്തി. ആദ്യ ശ്രമം നടത്തിയത് മാര്‍ച്ചിലായിരുന്നു. ചാത്തന്നൂരിന് സമീപം കല്ലുവാതുക്കലിലുള്ള സുരേഷ് എന്ന പാമ്പുപിടുത്തക്കാരനില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ കുപ്പിയിലാക്കി അടൂരിലുള്ള സൂരജിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അന്ന് പാമ്പുകടിയേറ്റ് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീണ്ടും പാമ്പ് പിടുത്തക്കാരെ സമീപിച്ച് മറ്റൊരു പാമ്പിനെ വാങ്ങി. ആറാം തിയതി രാത്രി മുര്‍ഖന്‍ പാമ്പിനെ കുപ്പിയില്‍ നിന്ന് തുറന്നുവിട്ട് വീണ്ടും കടിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പാമ്പിനെ തിരികെ കുപ്പിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ രാവിലെ വീട്ടുകാരെ ഉത്രയെ പാമ്പ് കടിച്ചതായി അറിയിക്കുകയും പാമ്പിനെ തല്ലിക്കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചിടുകയുമായിരുന്നുവെന്നാണ് വിവരം.മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. സൂരജിനെതിരെ ഉത്രയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button