തിരുവനന്തപുരം: പാമ്പുകടിയേറ്റു ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഇനിയും 24 മണിക്കൂറുകള്‍ കൂടി കാത്തിരിയ്ക്കണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.
വിഷം തീണ്ടിയതിനെതിരായി ആന്റിവെനം നല്‍കുന്നുണ്ടെങ്കിലും അത് പൂര്‍ണ ഫലം കാണുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.വിഷബാധയേറ്റതുകൊണ്ടുതന്നെ മുറിവുണ്ടായാല്‍ രക്തം കട്ടപിടിയ്ക്കാത്ത സാഹചര്യമുണ്ട്.ഹൃദയമിടിപ്പിലും വ്യതിയാനമുണ്ട്.ഇതൊക്കെയാണെങ്കിലും നിരന്തരം പാമ്പുകടിയേറ്റതിനേത്തുടര്‍ന്ന് ശരീരത്തില്‍ രൂപം കൊണ്ട പ്രതിരോധശേഷിയാണ് ഒരു പരിധി വരെ സുരേഷിന്റെ ജീവനെ തടുത്തു നിര്‍ത്തിയിരിയ്ക്കുന്നത്.
കഴിഞ്ഞ ദിവസം പത്തനാപുരത്തെ ഒരു വീട്ടില്‍ നിന്നും അണലിയെ പിടിച്ചു മടങ്ങുന്നതിനിടെയാണ് വാവ സുരേഷിന് അണലിയുടെ കടിയേറ്റത്.പാമ്പിനെ ചാക്കിലാക്കിയശേഷം നാട്ടുകാരില്‍ ചിലര്‍ പാമ്പിനെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതിനായ ചാക്കഴിച്ചപ്പോഴാണ് കടിയേറ്റത്.പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പാമ്പുകളെ പിടിയ്ക്കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്യുന്ന സുരേഷിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരാധകരുണ്ട്.