Home-bannerKeralaNews

വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച് സംസാരിച്ചു, വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; പ്രത്യേക വാര്‍ഡിലേക്ക് മാറ്റും, വിദഗ്ധ ചികിത്സ ഉറപ്പാക്കിയത് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന് നിര്‍ദേശം നല്‍കി.

വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച് മന്ത്രി കാര്യങ്ങളന്വേഷിച്ചു. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും മന്ത്രി വാവ സുരേഷിനെ ആശ്വസിപ്പിച്ചു.

വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയ്യില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാന്‍ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു.

ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു. പാമ്പുകടിയായതിനാല്‍ അതീവ ശ്രദ്ധ ആവശ്യമായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker