കൊച്ചി: കൊച്ചി മെട്രോയിലെ, വടക്കേക്കോട്ട സ്‌റ്റേഷനിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങൾ സ്ഥാപിച്ചതിൽ ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തെത്തി. മെട്രോ സ്‌റ്റേഷനിൽ മലബാർ കലാപത്തിൽ പങ്കെടുത്ത നോതാക്കളുടെ ചിത്രങ്ങളും,
കലാപത്തെക്കുറിച്ചുള്ള ലഘു വിവരണവും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രവുമുൾപ്പെട്ടതാണ് ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവർത്തകരെ ചൊടിപ്പിച്ചത്. വടക്കേക്കോട്ട സ്റ്റേഷനുള്ളിൽ കടന്നു കയറി ചിത്രത്തിനുമേൽ പോസ്റ്റർ പതിക്കാൻ ശ്രമിച്ച രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റി. സ്റ്റേഷനിലേയ്ക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം പ്രവേശനകവാടത്തിൽ പൊലീസ് തടഞ്ഞു.
കൊച്ചിയിലെ മെട്രോ സ്‌റ്റേഷനുകളിൽ വിവിധ വിഷയങ്ങളടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും, വിവരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇതിൻപ്രകാരം വടക്കേക്കോട്ട സ്‌റ്റേഷനിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിന്റെ പങ്ക് എന്ന വിഷയമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് മലബാർ കലാപത്തിന്റെ വിവരണവും, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രവും സ്റ്റേഷനിൽ സ്ഥാപിച്ചത്.