✍🏼അജാസ് വടക്കേടം
കൊച്ചി: പ്രധാനമന്ത്രി സെപ്റ്റംബർ അവസാന വാരം ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് തീരദേശ പാതയെ തീരാദുരിതത്തിലേയ്‌ക്ക് തള്ളിവിടുന്നതായി പരാതി ഉയരുന്നു. വന്ദേഭാരത് ഷെഡ്യൂൾ ചെയ്ത സമയത്തിൽ ഓടിയെത്താൻ കഴിയാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇതുമൂലം എറണാകുളത്ത് നിന്ന് ആലപ്പുഴ വഴി കായംകുളം വരെ പോകുന്ന പാസഞ്ചർ 45 മിനിറ്റിലേറെ വൈകിയാണ് ദിവസവും ആലപ്പുഴയിൽ എത്തിച്ചേരുന്നത്..
ആലപ്പുഴയിൽ നിന്ന് എറണാകുളം ജില്ലയിലേയ്ക്ക് ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെ ഏക ആശ്രയമാണ് 06451 എറണാകുളം കായംകുളം പാസഞ്ചർ. എറണാകുളം ജംഗ്ഷനിൽ നിന്ന് നാല് മണിക്കുള്ള ആലപ്പുഴ മെമുവും 04.20 നുള്ള ഏറനാടും ഓഫീസ് ജീവനക്കാർക്കും കച്ചവടക്കാർക്കും തീരെ അനുകൂലമല്ല.
അതുകൊണ്ട് തന്നെ കായംകുളം പാസഞ്ചറിൽ അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ 06.05 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചറിനെ വന്ദേഭാരതിന് വേണ്ടി ക്രോസിംഗ് നിശ്ചയിച്ചിരിക്കുന്നത് കുമ്പളം സ്റ്റേഷനിലാണ്.. വന്ദേഭാരത് വൈകിയാലും പാസഞ്ചറിനെ കുമ്പളത്ത് തന്നെ പിടിക്കുന്നതാണ് ദുരിതം ഇരട്ടിയാക്കുന്നത്..
40 മിനിറ്റിലേറെ വൈകിയാണ് കുമ്പളം സ്റ്റേഷനിൽ നിന്ന് പാസഞ്ചർ ഇപ്പൊൾ എന്നും പുറപ്പെടുന്നത്. തന്മൂലം മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ വൈകിയെത്തുന്ന ട്രെയിനിലെ സ്ത്രീകൾക്ക് പ്രാദേശിക ബസ് സർവീസുകൾ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദിവസവേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ പോലും നിർബന്ധിതരായി തീർന്നിരിക്കുകയാണ്…
വന്ദേഭാരതിന് നൽകുന്ന അമിത പ്രാധാന്യമാണ് ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കുന്നത് റെയിൽവേയുടെ മുൻകൂട്ടി നിശ്ചയിച്ചയിക്കുന്ന ക്രോസിംഗ് സംവിധാനമാണ് യാത്രക്കാർക്ക് ഇവിടെ ദുരിതം സമ്മാനിക്കുന്നത് . വന്ദേഭാരത് വൈകുന്ന അവസരങ്ങളിൽ പാസഞ്ചർ തുറവൂർ എത്തിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുന്നതാണ്.
എന്നാൽ തികച്ചും അപ്രാപ്യമായ സമയക്രമമാണ് വന്ദേഭാരതിന് നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് എറണാകുളം ജംഗ്ഷനിലേയ്ക്ക് ഓടിയെത്താൻ വെറും 37 മിനിറ്റ് സമയം മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് 47 മിനിറ്റ് വേണമെന്നത് കഴിഞ്ഞ ഒരാഴ്ചത്തെ സർവീസിൽ നിന്ന് തന്നെ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വന്ദേഭാരതിന്റെ കൊല്ലം – ആലപ്പുഴ സമയം പുനക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വന്ദേഭാരത് എറണാകുളം ജംഗ്ഷനിൽ 06.35 ന് എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ കായംകുളം പാസഞ്ചറിന്റെ സമയം പുനക്രമീകരിക്കേണ്ടി വരും. പാസഞ്ചറിന്റെ സമയമാറ്റം വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. പാസഞ്ചർ നേരത്തെ ക്രമീകരിച്ചാൽ പലർക്കും ട്രെയിൻ കിട്ടാത്ത സഹചര്യം ഉണ്ടാകും.
പിന്നീടുള്ള മെമു രാത്രി 08.10 ന് ആണ്. അതുകൊണ്ട് തന്നെ പാസഞ്ചറിന്റെ സമയം മാറ്റാതെ പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇരട്ടപാതയുമായി ബന്ധപ്പെട്ട ജോലികളിൽ കാലതാമസം നേരിടുന്നതും ആലപ്പുഴക്കാരെ നിരാശപ്പെടുത്തുന്നു.
കോട്ടയം വഴിയുള്ള വന്ദേഭാരത് മൂലമുണ്ടായ പ്രശ്നങ്ങൾ അതിവേഗം പരിഹരിച്ച റെയിൽവേ അനുകൂലമായി തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശ യാത്രക്കാർ.
✍🏼അജാസ് വടക്കേടം