തല അജിത്തിന്‍റെ ‘വലിമൈ’ മോഷൻ പോസ്റ്റർ സൂപ്പർ ഹിറ്റ്
അജിത്ത് ആരാധകരുടെ പ്രതീക്ഷകൾ വെറുതെയാവില്ലെന്ന് ഉറപ്പു നൽകി പുതിയ ചിത്രം വലിമൈയുടെ മോഷൻ പോസ്റ്റർ പുറത്ത്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന ചോദ്യങ്ങൾക്കിടെയാണ് പോസ്റ്റർ വന്നത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ തന്നെയായിരിക്കും എന്ന സൂചനയാണ് പോസ്റ്റർ തരുന്നതും.
മങ്കാത്തെ, യെന്നെ അറിന്താൽ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്ത് പൊലീസ് വേഷത്തിൽ എത്തുന്നു എന്നതാണ് വലിയ പ്രത്യേകത. കൂടെയുള്ള പോലീസുകാർ ശത്രുതയോടെ പെരുമാറുമ്പോഴും ചുറുചുറുക്കുള്ള പൊലീസ് ഓഫീസറായി അജിത്ത് ഡ്യൂട്ടി ചെയ്യുന്നു. പുതിയ ലുക്കിൽ കുറച്ചു കൂടി ചെറുപ്പം തോന്നിക്കുന്നുണ്ട്. ഹൈദരാബാദിൽ ആയിരിക്കുംബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. നേരത്തെ സംഘട്ടനവും ബൈക്ക് ചേസിങ്ങും ചിത്രീകരിക്കുന്നതിനിടെ രണ്ട് തവണ അജിത്തിന് പരിക്ക് പറ്റിയിരുന്നു.
ഹുമ ഖുറേഷിയാണ് വലിമൈയിലെ നായിക. തെലുങ്ക് താരം കാര്‍ത്തികേയ ഗുമ്മകൗണ്ട, മലയാളി താരങ്ങളായ പേളി മാണി, ദിനേശ് പ്രഭാകര്‍, ശിവജി ഗുരുവായൂര്‍ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. ബോണി കപൂറിനൊപ്പം സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിയറ്ററിക്കൽ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളുടെ വിൽപന നടത്തി ഇതിനോടകം 200 കോടി ക്ലബിൽ വലിമൈ ഇടം പിടിച്ചെന്നാണ് റിപ്പോർട്ട്.