പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ അന്വേഷണം വീണ്ടും അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ വനിതാ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിവച്ചത്. തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും പുന്നല ശ്രീകുമാര്‍ അടക്കമുള്ള നേതാക്കള്‍ തങ്ങളെ വഞ്ചിച്ചുവെന്നും അമ്മ പറയുന്നു. ഈ മാസം 25 മുതല്‍ 31 വരെ വീടിനു മുന്നില്‍ നിരാഹാരമിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വീടും പരിസരവും നിരീക്ഷിച്ച ശേഷമാണ് പോലീസുകാര്‍ കുട്ടികളുടെ മരണത്തെ കുറിച്ച് തന്നോട് ചോദിച്ചത്. മൊഴിയെടുത്ത ശേഷം തിരിച്ചുപോകാന്‍ തുടങ്ങവേ താന്‍ മൊഴിപ്പകര്‍പ്പ് വായിച്ചുകേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് പോലീസ് നിരസിച്ചതോടെ മൊഴി കാണണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ തന്നെ കാണിച്ചു. മൊബൈല്‍ മൊഴിപ്പകര്‍പ്പിന്റെ ചിത്രമെടുത്തു. പിന്നീട് പരിശോധിച്ചപ്പോഴാണ് മൊഴി തെറ്റിച്ചാണ് എഴുതിയതെന്ന് വ്യക്തമായതെന്നും അമ്മ ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നു. പാലക്കാട് ജില്ലയിലെ നേതാക്കളും മുന്‍ പരിചയമുള്ള നേതാക്കളും നിര്‍ബന്ധിച്ച കാരണമാണ് പുന്നല ശ്രീകുമാറിനൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ പോയത്. എന്നാല്‍ കേസ് അട്ടിമറിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐയ്ക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ഡി.വൈ.എസ്.പി എം.ജെ സോജനും സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിട്ടും പുന്നല ശ്രീകുമാര്‍ ഇടപെട്ടില്ല. സ്ഥാനക്കയറ്റം നല്‍കരുതെന്ന് ഫോണ്‍വിളിച്ച് ആവശ്യപ്പെടാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും അമ്മ ആരോപിച്ചു.
ഒക്ടോബര്‍ 25ഉം 31 ഉം തങ്ങള്‍ വഞ്ചിക്കപ്പെട്ട ദിവസങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25നാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. 31നാണ് നീതി തേടി മുഖ്യമന്ത്രിയെ കണ്ട് കാലുപിടിച്ചത്. ഈ വഞ്ചനയുടെ ഓര്‍മ്മയില്‍ 25 മുതല്‍ 31 വരെ വീടിനു മുന്നില്‍ നിരാഹാര സമരമിരിക്കുമെന്നും അമ്മ പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം ഇളയ മകനും നിരാഹാരമിരിക്കുന്നുണ്ട്. അതേസമയം, അന്വേഷണങ്ങളൊന്നും നടക്കാതിരിക്കുകയും ഹൈക്കോടതിയുടെ പരിഗണനയ്ക്കിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേസില്‍ പോലീസ് വീണ്ടും മൊഴിയെടുക്കാനെത്തിയിരിക്കുന്നത്.