കണ്ണൂർ വളപട്ടണം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഏറ്റുമുട്ടുന്നു. 13 അംഗ പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി കൂട്ട് ചേർന്നാണ് ലീഗിന്റെ പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്നാരോപിച്ച് കോൺഗ്രസ് ബന്ധം ലീഗ് ഉപേക്ഷിക്കുമ്പോൾ യുഡിഎഫ് കോട്ടയിൽ പ്രവചനം അസാധ്യമാവുകയാണ്.
സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്തുകളിലൊന്നായ വളപട്ടണത്ത് ആകെ 6423 വോട്ടർമാരെ ഉള്ളൂ. ഈ കുഞ്ഞൻ പഞ്ചായത്ത് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ലീഗുകാരും കോൺഗ്രസുകാരും ഒത്തുപോകില്ലെന്ന് നേതൃത്വത്തിന് ബോധ്യമായതോടെ സൗഹൃദ മത്സരം എന്ന ഓമനപ്പേരിൽ പരസ്പരം ഏറ്റുമുട്ടുന്നു. അടിയുടെ കാരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പാണ്. അന്ന് 7 ഇടത്ത് ലീഗും 6 വാർഡിൽ കോൺഗ്രസും മത്സരിച്ചു. ഫലം വന്നപ്പോൾ വല്യേട്ടനായ ലീഗ് മൂന്നിടത്ത് തോറ്റു. കോൺഗ്രസാകട്ടെ ആറിടത്തും ജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് പദവിയും കൈക്കലാക്കുകയും ചെയ്തു.