വടിവേലു ബി.ജെ.പിയിലേക്ക്! പ്രതികരണവുമായി താരം
ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട്ടില്‍ താരങ്ങളുടെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച ചര്‍ച്ച ചൂടുപിടിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു.
വിജയും വടിവേലുവും ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. അതിന് പിന്നാലെ ബി.ജെ.പിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി വിജയുടെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടിവേലു.
രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നാണ് തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വടിവേലു വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പ്രചരണവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു വടിവേലു. എന്നാല്‍ പിന്നീട് അദ്ദേഹത്തെ രാഷ്ട്രീയ വേദികളില്‍ അധികം കണ്ടിട്ടില്ല. സിനിമയിലും അത്ര സജീവമല്ല വടിവേലു. വിജയ് നായകനായി എത്തിയ മെര്‍സലിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.
വിജയുടെ രാഷ്ട്രീയ പ്രവേശനം വലിയ ചര്‍ച്ചയായതോടെയാണ് പിതാവ് എസ് എ ചന്ദ്രശേഖര്‍ വിശദീകരണവുമായി എത്തിയത്. ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത് വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും എന്നാല്‍ ബിജെപിയുമായി തങ്ങള്‍ക്ക് ഒരു രീതിയിലും യോജിച്ചുപോവാന്‍ ആവില്ലെന്നുമായിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം.