26.5 C
Kottayam
Wednesday, May 1, 2024

വാക്‌സിന്‍ സ്‌റ്റോക്ക് വിവരം പരസ്യപ്പെടുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രം

Must read

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും അറിയിച്ചു.

ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വാക്‌സിന്‍ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്‌സിന്‍ വിതരണം ചെയ്യുക.

വാക്‌സിന്‍ പാഴാക്കിയാല്‍ വിതരണത്തില്‍ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമ്പോള്‍ അതിന്റെ മുന്‍ഗണന ക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കുട്ടികളുടെ കൊവിഡ് ചികിത്സക്ക് കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് മാര്‍ഗ രേഖ പുറത്തിറക്കി. ചികിത്സയിലുള്ള അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും റെംഡസിവീര്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ല. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കാനും കേന്ദ്രം നിര്‍ദേശിക്കുന്നു.

അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സിടി സ്‌കാന്‍ സൗകര്യം ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week