തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പോയി വാക്‌സിനെടുക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം നിലവില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് സൗകര്യമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്‌സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര്‍ സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.