തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളിവിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. ധൈര്യമായി ഇരിക്കാനും എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥിനിയോട് തന്റെ നമ്പര്‍ കയ്യിലില്ലേ എന്നന്വേഷിച്ച മന്ത്രി ഏത് സമയത്തും തന്നെ ബന്ധപ്പെടാമെന്നും അറിയിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നുണ്ടെന്നും വേണു രാജാമണിയുടെ ഇടപെടല്‍ വലുതാണെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മുഴുവന്‍ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രമീകരണങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഗംഗ എന്ന രക്ഷാ ദൗത്യം വഴി യുക്രൈന്‍ യുദ്ധഭൂമിയില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലെത്തി. ആദ്യ പ്രത്യേക വിമാനത്തില്‍ 219 പേരായിരുന്നു രാജ്യത്ത് വന്നിറങ്ങിയത്. രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ ന്യൂ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ അതില്‍ 250 പേരായിരുന്നു ഉണ്ടായിരുന്നത്. 200-ലധികം ഇന്ത്യന്‍ പൗരന്മാരുമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് മൂന്നാമത്തെ എയര്‍ ഇന്ത്യ വിമാനവും ഉടന്‍ തന്നെ ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
റഷ്യ- യുക്രൈന്‍ സംഘര്‍ഷാവസ്ഥ തുടരുമ്പോള്‍ നിര്‍ണായക നീക്കവുമായി കേരള സര്‍ക്കാര്‍. യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 12 മലയാളികള്‍ ഇന്ന് ചെന്നൈ വഴി വരുമെന്നും വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി. നയതന്ത്ര വിദഗ്ധന്‍ വേണു രാജാമണിയുടെ ഇടപെടല്‍ വലുതാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മുഴുവന്‍ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ’- ശിവന്‍കുട്ടി പറഞ്ഞു. യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥി സ്വാതി രാജിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതികരണം.