കൊച്ചി:പാർട്ടിയിൽ പുതിയ കാലങ്ങളുണ്ടാകണമെന്നും എന്നാൽ അച്ചടക്കത്തിന്റെ വാളുപയോഗിച്ച് ആരെയെങ്കിലും വെട്ടി നിരത്തി സെമി കേഡർ സംവിധാനം ഉണ്ടാക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി മുഹമ്മദ് ഷിയാസ് ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വെറും ആൾക്കൂട്ടമല്ലെന്ന് തെളിയിക്കണം. സംഘടനാപരമായ ദൗർബല്യമാണ് പാർട്ടിയുടെ തോൽവികൾക്ക് പ്രധാന കാരണം.
കോൺഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളിൽ വെള്ളം ചേർക്കില്ല. ഉടയാത്ത ഖാദർ ധരിച്ച് നടക്കുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കൃത്യമായ ആക്ഷൻ പ്ലാനുണ്ട്. രാഷ്ട്രീയകാര്യ സമിതിയുടെ അംഗീകാരം തേടിയ ശേഷമാണ് പാർട്ടി പുനഃസംഘടനാ നടപടികളുമായി മുന്നോട്ട് പോയതെന്ന് സതീശൻ പറഞ്ഞു. നിരന്തരമായ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. ആവശ്യമെങ്കിൽ മുതിര്ന്ന നേതാക്കളുടെ വീടുകളിൽ എത്തി പ്രശ്നം പരിഹരിക്കും. കഠിനാധ്വാനികൾക്ക് പാർട്ടിയിൽ അംഗീകാരം ലഭിക്കുമെന്നും അതിനുദാഹരണമാണ് മുഹമ്മദ് ഷിയാസിന്റെ സ്‌ഥാനലബ്‌ധിയെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷി സ്‌ഥാനാർഥികളെ വിജയിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കൂടുതൽ ഉത്തരവാദിത്വം എടുക്കണം. അതാണ് മുന്നണി മര്യാദ. അവരെ തോൽപ്പിക്കാൻ ശ്രമിച്ചാൽ അത്തരക്കാർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുഞ്ഞുങ്ങളെ കരയിപ്പിക്കുക, സ്ത്രീകളെ ഭയപ്പെടുത്തുക, ജനങ്ങളെ കൊള്ളയടിക്കുക, ഇതാണ് പോലീസ് ചെയ്യുന്നത്. കേരളത്തിൽ പൊലീസിന്റെ തേർവാഴ്ചയാണ് . ഇത്രയും ധൈര്യം പൊലീസിന് എവിടെ നിന്ന് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പെറ്റി സർക്കാരിനെതിരെ സമരം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ട്രാൻസ്‌പോർട്ട് ബസുകൾ ആംബുലൻസുകളാക്കിയാൽ മദ്യപിച്ച് കിടക്കുന്നവരെ അതിൽ കൊണ്ടുപോകാമെന്ന് സതീശൻ പരിഹസിച്ചു. ബെവ്‌കോ ഔട്ട് ലെറ്റുകൾ തുടങ്ങുന്നതിനു ഞാൻ എതിരല്ല. പക്ഷെ കെ എസ് ആർ ടി സി സ്റ്റാന്റുകളിൽ മദ്യക്കടകൾ തുടങ്ങാനുള്ള ബുദ്ധി ഉപദേശിച്ചത് ആരാണെന്ന് അദ്ദേഹം ചോദിച്ചു.
വെല്ലുവിളികൾ അതിജീവിക്കാൻ കഴിയുംവിധം പാർട്ടിയെ ശക്തിപ്പെടുത്തണമെങ്കിൽ എല്ലാവരെയും ഉൾക്കൊള്ളണമെന്നും തുറന്ന ചർച്ചകൾ അനിവാര്യമാണെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു.ഗ്രൂപ്പില്ലാത്ത കാലഘട്ടത്തിൽ ആരെയും ഒഴിവാക്കാതെ പ്രായമായവരെയും പുതുതലമുറയെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോയാൽ മാത്രമേ പാർട്ടി ശക്തിപ്പെടുത്താൻ കഴിയൂ എന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.ബാബു എം എൽ എ പറഞ്ഞു. ആരെയെങ്കിലും മാറ്റി നിർത്തിയാൽ പാർട്ടിയുടെ നാശമായിരിക്കും ഫലം. മെസിക്ക് ഗോളടിക്കാൻ പന്ത് തട്ടി ഉയർത്തണമെന്നും ഇത് എല്ലാവരും ഓർക്കണമെന്നും കെ.ബാബു ഒളിയമ്പെയ്തു. സമരം ചെയ്യാൻ കേരളത്തിൽ വിഷയമില്ലാത്തത് കൊണ്ടാണോ കോൺഗ്രസ് നേതാക്കൾ പരസ്പരം ചെളിവാരി എറിയുന്നത് എന്നായിരുന്നു കെ.പി. ധനപാലന്റെ ചോദ്യം.
തലമുറകളുടെ സംഗമവേദിയായി മുഹമ്മദ് ഷിയാസിന്റെ സ്‌ഥാനാരോഹണം
കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി മുഹമ്മദ് ഷിയാസ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് കോൺഗ്രസിലെ തലമുറകളുടെ സംഗമവേദി കൂടിയായി. ജില്ലയിലെ മുതിർന്ന നേതാവ് ടി.എച്ച്. മുസ്തഫ മുതൽ കെ എസ് യു പ്രവർത്തകർ വരെ സംഗമിച്ച വേദിയിൽ നേതാക്കളും പ്രവർത്തകരും മുഴക്കിയത് ഐക്യത്തിന്റെ കാഹളം. കോൺഗ്രസിൽ തലമുറമാറ്റം സാധ്യമാക്കി കൊണ്ട് മുഹമ്മദ് ഷിയാസ് ഡി സി സി അധ്യക്ഷ പദവിയിലെത്തിയത് അക്ഷരാർഥത്തിൽ ആഘോഷമാക്കി മാറ്റുകയായിരുന്നു കോൺഗ്രസിലെ പുതുതലമുറ. ഡി സി സി ഓഫീസിനു മുന്നിൽ സ്‌ഥാപിച്ച ഷിയാസിന്റെ കൂറ്റൻ ഫ്ളക്സിന് മുന്നിൽ അദ്ദേഹത്തെ എടുത്തുയർത്തിയും പുഷ്പവൃഷ്ടി നടത്തിയുമാണ് പ്രവർത്തകർ ആവേശം പങ്കിട്ടത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്. സ്‌ഥാനമൊഴിഞ്ഞ ഡി സി സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ മിട്ടിട്ട്സ് ബുക്ക്, താക്കോൽ എന്നിവ പുതിയ അധ്യക്ഷന് കൈമാറി. തുടർന്ന് പുതിയ അധ്യക്ഷനെ ഓഫീസ് മുറിയിലേക്ക് ആനയിച്ചു. കോൺഗ്രസിൽ പുതിയ കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസിന്റെ ജില്ലയിലെ എല്ലാ പ്രസിഡന്റുമാരുടെയും പേരുകൾ ക്രമത്തിൽ പറഞ്ഞ് മുതിർന്ന നേതാവ് ടി.എച്ച് . മുസ്തഫ എല്ലാവരെയും ഞെട്ടിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാകട്ടെ കൂറ്റൻ പുഷ്പഹാരം അണിയിച്ചാണ് പുതിയ ഡി സി സി അധ്യക്ഷനെ സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ജിന്റോ ജോൺ, പി.വൈ.ഷാജഹാൻ, അബ്ദുൽ റഷീദ്, മനു ജേക്കബ് എന്നിവർ ചേർന്നാണ് പുഷ്പഹാരം അണിയിച്ചത്.ചടങ്ങിൽ പങ്കെടുത്ത എല്ലാ നേതാക്കളും ടി.ജെ. വിനോദിനെ അഭിനന്ദിച്ചു. പാർട്ടിയെ മികച്ച ഏകോപനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ വിനോദിന് കഴിഞ്ഞുവെന്ന് നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ഏത് പ്രതിസന്ധിയിലും കോൺഗ്രസിനെ കൈവിടാത്ത അഭിമാന ജില്ലയാണ് എറണാകുളമെന്ന മുൻ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. പോരായ്മകൾ തിരുത്തി മുന്നോട്ട് പോകുമെന്ന് കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു.ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ കെ.ബാബു, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ ജോസഫ് വാഴക്കൻ, അജയ് തറയിൽ, എൻ. വേണുഗോപാൽ, അബ്ദുൾ മുത്തലിബ്, ജെയ്‌സൺ ജോസഫ്, ഡൊമിനിക് പ്രെസന്റേഷൻ, ടോണി ചമ്മിണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, മുൻ ഡി സി സി പ്രസിഡന്റുമാരായ കെ.പി. ധനപാലൻ, വി.ജെ. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. ഡി.സി.സി സെക്രട്ടറി ജോസഫ് ആന്റണി സ്വാഗതം പറഞ്ഞു.
പണപ്പെട്ടി കരുതലോടെ കാത്തു വച്ച് ടി.ജെ. വിനോദ്
ഡി സി സി അധ്യക്ഷൻ ടി,ജെ. വിനോദ് അധികാരം കൈമാറിയത് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് മികച്ച സാമ്പത്തിക അടിത്തറയോടെ. മുൻ അധ്യക്ഷൻ വി.ജെ. പൗലോസ് കൈമാറിയ 20 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റും 26 ലക്ഷം രൂപയുടെ കേരള ബാങ്കിലെ എസ് . ബി അക്കൗണ്ടും അടക്കം 50,17,700 രൂപയാണ് ടി.ജെ. വിനോദ് പുതിയ അധ്യക്ഷനായി ചുമതലയേറ്റ മുഹമ്മദ് ഷിയാസിന് കൈമാറിയത്.