KeralaNewsPolitics

ആരുടെ ബാഹ്യ സമ്മർദ്ദത്തിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വി ഡി സതീശൻ,സഭ നോമിനി അല്ലെന്ന് ജോ ജോസഫ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള (Thrikkakara bypoll) സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിനെ (CpiM) കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). ആരുടെ ബാഹ്യ സമ്മർദ്ദത്തിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാർത്ഥിയെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

സിപിഎം എവിടെ എത്തി നിൽക്കുന്നു എന്ന് ആത്മപരിശോധന നടത്തണം. പാർട്ടി സ്ഥാനാർത്ഥിയുടെ തലയ്ക്കു മീതെ എങ്ങനെയാണ് മറ്റൊരു സ്ഥാനാർഥി വന്നത്. ബാഹ്യ സമ്മർദ്ദം ഉണ്ടായി എന്നത് അങ്ങാടിപ്പാട്ടാണ്. ഉമയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയപ്പോൾ പരിഹസിച്ച സിപിഎം എവിടെ എത്തി നിൽക്കുന്നു എന്ന ചിന്തിക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, പ്രതിപക്ഷം ആരോപണങ്ങള്‍ കടുപ്പിക്കുമ്പോഴും പേമെന്‍റ് സീറ്റ് ആരോപണം തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തള്ളുകയാണ്. വൈദികര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്ന് ജോ ജോസഫ് പറഞ്ഞു. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. തൃക്കാക്കരയില്‍ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി അനിവാര്യമാണ്. ഭാവി വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് പറഞ്ഞു.

അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി. ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദ്ദേശിച്ചു എന്നതുകൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല.

ആർക്ക് വോട്ട് എന്നതിൽ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവർക്ക് മാത്രം പിന്തുണയെന്നും ഫാദർ ജോസഫ് പാറേക്കാട്ടിൽ പറഞ്ഞു. സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയില്‍ ജോ ജോസഫിലെത്തിയത്. എന്നാല്‍ ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്നത്.

ഗാ‍ഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാല്‍, ക്രൈസ്തവ വിശ്വാസികളില്‍, വിശിഷ്യ കത്തോലിക്ക വോട്ടര്‍മാരില്‍ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണര്‍ത്താനാകുമെന്നാണ് സിപിഎം കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker