KeralaNewsPolitics

വിജിലന്‍സ് ഡയറക്ടറെ രായ്ക്കുരാമാനം മാറ്റിയതെന്തിന്? ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്? വി.ഡി.സതീശൻ

കൊച്ചി:രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പോലീസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയായിരുന്നു. 33 തവണയാണ് സംസ്ഥാന വിജിലന്‍സ് മേധാവി ഇയാളെ ഫോണില്‍ വിളിച്ചത്. മൊഴി കൊടുത്തത് നന്നായെന്ന് രാവിലെ പറഞ്ഞ ഇയാള്‍, പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം കോടതിയില്‍ കൊടുത്ത മൊഴി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി.

മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ മൊഴി പിന്‍വലിപ്പിക്കാനും മറ്റൊരു പ്രതിയെ തട്ടിക്കൊണ്ട് വരാനും ശ്രമിക്കില്ല. ഇടനിലക്കാരനായ മുന്‍ മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ ഫ്‌ളാറ്റില്‍ നിന്നും ഗുണ്ടകളെ പോലെയെത്തി പിടിച്ചുകൊണ്ട് പോയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? സര്‍ക്കാരിന്റെ ഇടനിലക്കാരനായത് കൊണ്ടാണ് അങ്ങനെയൊന്നും ചെയ്യാത്തത്. ഇടനിലക്കാരനാക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു. ഇത് കേരളത്തിന് നാണക്കേടാണ്.

പൊതുജനത്തെ ബുദ്ധിമൂട്ടിച്ച്, മുഖ്യമന്ത്രി എന്തിനാണ് ഇത്ര സുരക്ഷയില്‍ സഞ്ചരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ സി.പി.എം കല്ലെറിഞ്ഞത് പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു യു.ഡി.എഫുകാരനും കല്ലെറിയില്ല. കോട്ടയത്ത് പൊലീസ് ജനങ്ങളും തമ്മില്‍ റോഡില്‍ തര്‍ക്കമാണ്. എന്തിനാണ് മുഖ്യമന്ത്രി ഇത്രയും ഭയപ്പെടുന്നത്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആളല്ലേ? അങ്ങനെയുള്ള ആള്‍ ആരെയാണ് ഭയപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഒരു മണിക്കൂര്‍ മുന്‍പ് വരണമെന്നും കറുത്ത് മാസ്‌ക് ധരിക്കരുതെന്നും യു.ഡി.എഫ് നേതാക്കളാണ് പറഞ്ഞതെങ്കില്‍ മാധ്യമങ്ങള്‍ ആ പരിപാടി തന്നെ ബഹിഷിക്കരിച്ചേനെ.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സമനില തെറ്റിയിരിക്കുകയാണ്. സര്‍ക്കാരിനും സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകള്‍ക്കും സമനില തെറ്റി. ഭീതിയും വെപ്രാളവും കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്നതും കറുത്ത മാസ്‌ക് കാണുമ്പോള്‍ ഭയക്കുന്നതും. ഗൗരവതരമായ എന്തൊക്കെയോ പുറത്ത് വരാനുണ്ട്. ദൂരൂഹതയുണ്ടെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഭീതിയും വെപ്രാളവുമാണെന്നും പൊലീസ് അനധികൃതമായി ഇടപെടുന്നെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. ഇത്രയും വലിയ സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്. ഊരി പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോള്‍ എന്താണ് ഭയവും വെപ്രാളവും?

മുഖ്യമന്ത്രിയും സര്‍ക്കാരും നിയമപരമായ വഴി തേടാതെ തെറ്റായ വഴികളിലൂടെയാണ് പോകുന്നത്. മുഖ്യമന്ത്രി ഇനിയും മൗനം തുടരരുത്. എല്ലാം ജനങ്ങളോട് തുറന്ന് പറയാനുള്ള ബാധ്യതയുണ്ട്. പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പ്രസ്താവന ഇറക്കിച്ചും ഗൂഡാലോചനയാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിച്ചും രക്ഷപ്പെടാനാകില്ല. ബി.ജെ.പിക്കാര്‍ക്കും മിണ്ടാട്ടമില്ല. കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അന്വേഷണം ആരംഭിക്കാത്തതെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കണം.

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുമെന്ന് കണ്ടാണ് സുരേന്ദ്രനെതിരെ ഒരു വര്‍ഷമായി എടുക്കാതിരുന്ന കേസെടുത്തത്. ഈ രണ്ടു കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker