പാലക്കാട്: ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരാശയക്കുഴപ്പവുമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും എം.പിമാരും എം.എല്‍.എമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനത്തെ കാണുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പ്- മാറ്റി താമസിപ്പിക്കല്‍ സംവിധാനത്തിന്റെ അഭാവമാണ് വയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി വലുതാവാന്‍ കാരണം. പ്രകൃതി ദുരന്തങ്ങളെ തടുത്ത് നിര്‍ത്താന്‍ കഴിയില്ല, ആഘാതം ലഘൂകരിക്കാനുള്ള പദ്ധതികളാണ് വേണ്ടതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
ഇനിയുണ്ടാവുന്ന എല്ലാ വികസനപദ്ധതിയിലും നയരൂപവത്കരണത്തിലും കാലാവസ്ഥാ മാറ്റം പ്രധാനഘടകമായിരിക്കണം. അതുകൊണ്ടാണ് കെ- റെയിലിനോടും തീരദേശപാതയോടും നോ പറഞ്ഞത്. വികസനപദ്ധതികള്‍ക്ക് എതിരല്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.