ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം ഊർജിതം. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ദൗത്യസംഘം തൊഴിലാളികളുടെ അടുത്തെത്തുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്റെ ബ്ലേഡ് തകാരാറിലായി.
ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകി. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്. ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും. തുരങ്കത്തിൽ ഇനി 10 മീറ്ററോളം ഭാഗത്തു മാത്രമാണു പൈപ്പ് ഇടാനുള്ളത്.
9 കുഴലുകളാണു തുരങ്കത്തിലേക്കു സ്ഥാപിച്ചിട്ടുള്ളത്. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കൽ സംഘം സജ്ജരാണ്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്കു പോകാൻ അനുവദിക്കും.
ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി. അമേരിക്കൻ നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. ഇതു തടസ്സപ്പെട്ടാൽ മറ്റ് അഞ്ച് മാർഗങ്ങൾ കൂടി തയാറാക്കിയിട്ടുണ്ട്. കുന്നിനു മുകളിൽനിന്ന് താഴേക്ക് കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും നടക്കുന്നു. മല തുരന്ന് തൊഴിലാളികളുള്ള സ്ഥലത്തേക്ക് എത്തണമെങ്കിൽ 15 ദിവസമെടുക്കും.
12 ദിവസമായി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഭക്ഷണത്തിനുള്ള പൈപ്പ് വഴി അകത്തേക്കിട്ട ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളാണിത്. ഈ മാസം 12നാണ് റോഡ് നിർമാണത്തിനിടെ 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്. സ്റ്റീൽ പൈപ്പിലൂടെ തൊഴിലാളികൾക്കു ഭക്ഷണവും വെള്ളവും നൽകുന്നുണ്ട്. തുരങ്കത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യന്ത്രഭാഗങ്ങളിലും പാറകളിലും തട്ടിയതിനാൽ നിർത്തിവച്ച ഡ്രില്ലിങ് കഴിഞ്ഞദിവസം വൈകിട്ട് 6 മണിയോടെയാണു പുനരാരംഭിച്ചത്.
ആകെ 60 മീറ്റർ നീളത്തിലുള്ള അവശിഷ്ടങ്ങൾ തുരന്നാണു കുഴലുകൾക്കു മുന്നോട്ടു നീങ്ങേണ്ടത്. 90 സെന്റിമീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്ത് 24 മീറ്റർ വരെ കഴിഞ്ഞ ദിവസം എത്തിയപ്പോൾ ഡ്രില്ലിങ് തടസ്സപ്പെട്ടിരുന്നു. ഈ കുഴലുകൾക്കു കേടു പറ്റി. തുടർന്ന് 80 സെന്റിമീറ്റർ വ്യാസമുള്ള പുതിയ കുഴലുകൾ ഇതിനുള്ളിലൂടെ കടത്തിവിട്ടു. അവ 24 മീറ്റർ വരെ സുഗമമായി മുന്നോട്ടു പോയി. ബുധനാഴ്ച വലിയ പ്രതിസന്ധികളില്ലാതെയാണ് രക്ഷാപ്രവർത്തനം നീങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി.