ആ സംഭവത്തിന് ശേഷം ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നു; മനസ് തുറന്ന് ജൂഹി
ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി രുസ്തഗി. എന്നാല്‍ ഇപ്പോഴിതാ ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നതായി തുറന്നു പറയുകയാണ് താരം. തന്റെ അച്ഛന് താന്‍ അഭിനേത്രിയാവുന്നതിനോട് താല്‍പര്യമായിരുന്നുവെന്നും പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നുവെന്നും പറഞ്ഞ ജൂഹി നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യമെന്നും വ്യക്തമാക്കി.
തന്റെ സുഹൃത്ത് വഴിയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് ജൂഹി പറയുന്നു. ‘സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ക്ലാസ് കട്ട് ചെയ്ത് അവന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് ഈ പരിപാടിയെക്കുറിച്ച് അറിഞ്ഞത്. തുടക്കത്തിലൊക്കെ കാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്റെ പ്രശ്‌നവുമുണ്ടായിരുന്നു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ നല്ല പിന്തുണ നല്‍കിയതോടെ ഈ പ്രശ്നം മാറുകയായിരുന്നു’. ജൂഹി പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഹി ഇക്കാര്യം വെളിപ്പെടുത്തിയത്.