
മുംബൈ: യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന. ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം . ഇത് മൊബൈല്‍ നമ്പറുകള്‍ മൂലമുണ്ടാകുന്ന പിശകുകള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് എന്‍പിസിഐ സര്‍ക്കുലര്‍ പറയുന്നു.
യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.യുപിഐ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സ് തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഇങ്ങനെ ഫണ്ട് പിന്‍വലിക്കാന്‍ പ്രാപ്തമാക്കുന്ന ട്രാന്‍സ്ഫര്‍ ഔട്ട് എന്ന സേവനം ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ലഭ്യമാകും.
നിലവില്‍, യുപിഐ ലൈറ്റ് ഉപയോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിന്ന് വാലറ്റിലേക്ക് പണം ചേര്‍ക്കാന്‍ കഴിയും, പക്ഷേ അത് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല. ഇതിനായി യുപിഐ ലൈറ്റ് അക്കൗണ്ട് നിര്‍ജ്ജീവമാക്കണം. എന്നാല്‍ ട്രാന്‍സ്ഫര്‍ ഔട്ട് വഴി ബാങ്ക് അക്കൗണ്ടിലേക്ക് ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാം. ഇത് ചെറിയ പേയ്മെന്‍റുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കും.
ഒരു യുപിഐ ലൈറ്റ് അക്കൗണ്ടില്‍ നിന്ന് 6 മാസത്തേക്ക് ഒരു ഇടപാടും നടന്നില്ലെങ്കില്‍, ബാങ്ക് ആ അക്കൗണ്ട് നിഷ്ക്രിയമായി കണക്കാക്കുകയും ബാക്കി തുക ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യും. ഈ നിയമം 2025 ജൂണ്‍ 30-നകം നടപ്പിലാക്കും. കുറഞ്ഞ ചെലവിലുള്ള ദൈനംദിന ഇടപാടുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അതിവേഗ പേയ്മെന്‍റ് യുപിഐ പേയ്മെന്‍റ് സേവനമാണ് യുപിഐ ലൈറ്റ്. 500 രൂപയില്‍ താഴെയുള്ള ചെറിയ തുകകള്‍ക്ക് പിന്‍ നമ്പര്‍ ഇല്ലാതെ ഇടപാടുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു.