ജനമധ്യത്തിലേയ്ക്ക് ഇറങ്ങി ഗുണ്ടജയന്‍; ജീപ്പില്‍ അനൗണ്‍സ്മെന്റുമായി വ്യത്യസ്ത പ്രമോഷന്‍
സൈജു കുറുപ്പിന്റെ നൂറാം ചിത്രം ഉപചാരപൂര്‍വം ഗുണ്ട ജയന്‍ റിലീസിന് ഒരുങ്ങുകയാണ്. നാളെ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ ശ്രദ്ധ നേടുകയാണ്. ഒരു റോഡ് ഷോ പോലെ, വാഹനങ്ങളില്‍ നടന്നു ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
പഴയ കാലത്ത് മലയാള ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന വാഹന അനൗണ്‍സ്‌മെന്റ് എന്ന പ്രചാരണ പരിപാടി തിരിച്ചു കൊണ്ട് വരികയാണ് ഗുണ്ടജയന്റെ അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ത്ഥികളുടെ കൂടെ നൃത്തം ചെയ്യുന്ന നടന്‍ സിജു വിത്സന്റെ വീഡിയോ വൈറല്‍ ആയിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖല്‍ സല്‍മാന്‍ പങ്കുവെച്ച ഗുണ്ടജയന്‍ എന്ന പാട്ടിന്റെ റീല്‍സും വൈറലായിരുന്നു. റീല്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഗുണ്ടജയന് ഫ്രീ ടിക്കറ്റുമായിരുന്നു ഓഫര്‍.
അരുണ്‍ വൈഗ സംവിധാനം ചെയ്ത ഉപചാരപൂര്‍വം ഗുണ്ട ജയന്‍ ഒരു പക്കാ കോമഡി എന്റെര്‍ട്ടെയ്നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. അരുണ്‍ വൈഗ കഥ രചിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് പൈസ പൈസ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രാജേഷ് വര്‍മ്മയാണ്.
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു.