NationalNews

ഉത്തര്‍പ്രദേശില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി ഹനുമാന്‍ മിശ്ര കൊവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു അന്ത്യം.

ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്കും യുപിയില്‍ 28,211 പേര്‍ക്കും ഡല്‍ഹിയില്‍ 23,686 പേര്‍ക്കുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ യുപി സര്‍ക്കാര്‍ സംസ്ഥാനത്ത് കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മണി മുതല്‍ രാവിലെ ഏഴ് വരെയാണ് രാത്രി കര്‍ഫ്യൂ. ഏപ്രില്‍ 24 മുതല്‍ വാരാന്ത്യ കര്‍ഫ്യൂ നിലവില്‍ വരികയും ചെയ്യും. 500 ആക്ടീവ് കോവിഡ് കേസുകള്‍ ഉള്ള ജില്ലകളിലാണ് രാത്രി കര്‍ഫ്യൂ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം ഡല്‍ഹിയില്‍ ഓരോ മണിക്കൂറിലും 10 കൊവിഡ് രോഗികള്‍ വീതം മരിക്കുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച മാത്രം 240 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.

ഞായറാഴ്ച 161 പേര്‍ക്കും ശനിയാഴ്ച 167 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. 141 പേര് വെള്ളിയാഴ്ചയും 112 പേര് വ്യാഴാഴ്ചയും മരിച്ചു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 823 പേരാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നത് ഭീതി ഉയര്‍ത്തുന്നുണ്ട്. 23,698 പേര്‍ക്കാണ് ഡല്‍ഹിയില്‍ തിങ്കളാഴ്ച കൊവിഡ് ബാധിച്ചത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച 25,462 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് 2.59 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,761 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി.

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ടും മോര്‍ച്ചറികളും ശ്മശാനങ്ങളും മൃതശരീരങ്ങള്‍ കൊണ്ടും നിറഞ്ഞു. മെഡിക്കല്‍ ഓക്സിജനും വെന്റിലേറ്ററും മരുന്നുകളും മുതല്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാസൗകര്യങ്ങള്‍ക്കും പ്രതിരോധ വാക്സിനും വരെ ക്ഷാമം തുടര്‍ന്നു. ഡല്‍ഹിയിലും മുംബൈയിലും നേരത്തേ പ്രവര്‍ത്തനം നിര്‍ത്തിയ പ്രത്യേക കോവിഡ് സെന്ററുകളും സ്റ്റേഡിയങ്ങളും ചില ഹോട്ടലുകളും വീണ്ടും കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചു.

ഓക്‌സിജന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ആറ് കൊവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചതെന്നാണ് ആരോപണം. ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് മരണം സംഭവിച്ചതെന്നും ഓക്‌സിജന്‍ വിതരണത്തിലെ അപാകതയാണ് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വിതരണ ശ്യംഘലയിലെ സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജന്‍ മുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം സങ്കേതിക പ്രശ്നം മിനിറ്റുകള്‍ക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മരിച്ച രോഗികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നാല് പേര്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ ഉണ്ടായിരുന്നവരാണെന്നാണ് അധികൃതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker