KeralaNews

വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം; കാരണമിതെന്ന് വിദഗ്ധ സംഘം, റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും

കോഴിക്കോട്: തുടർച്ചയായി അസ്വാഭാവിക ശബ്ദം കേൾക്കുന്ന കോഴിക്കോട് പോലൂരിലെ വീടും സ്ഥലവും വിദഗ്ധ സംഘം പരിശോധിക്കുന്നു. ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മ‍ർദമാകാം കാരണമെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന സെസ്സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ജി. ശങ്കർ പറഞ്ഞു. അതേസമയം ദിവസം കഴിയുന്തോറും ശബ്ദം കൂടിവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.

രണ്ടാഴ്ചയിലേറെയായി മുഴക്കം കേൾക്കുന്ന പോലൂരിലെ ബിജുവിന്‍റെ വീട്ടിലും പരിസരത്തുമാണ് രാവിലെ മുതല്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപദേശക സമിതി അംഗവും നാഷണല്‍ സെന്‍റർ ഫോർ എർത്ത് സയന്‍സ് സ്റ്റഡീസിലെ മുന്‍ ശാസ്ത്രജ്ഞനുമായ ജി ശങ്കറും ഹസാർഡ് അനലിസ്റ്റുകളുമാണ് പരിശോധന നടത്തുന്നത്.

സ്ഥലത്ത് ജിയോ ഫിസിക്കല്‍ സർവേ നടത്താനും സംഘം ആലോചിക്കുന്നുണ്ട്. മുഴക്കത്തെ തുടർന്ന് വീട്ടില്‍ നിന്നും ഉടമ ബിജുവും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. രാത്രികാലങ്ങളിലാണ് ശബ്ദം കൂടുതല്‍ കേൾക്കുന്നതെന്നും ഓരോ ദിവസവും ശബ്ദത്തിന്‍റെ തീവ്രത കൂടിവരികയാണെന്നും പ്രദേശവാസികൾ പറയുന്നു.അസിസ്റ്റന്‍റ് കളക്ടറടക്കമുള്ളവർ ഇന്ന് സ്ഥലത്തെത്തി വീട്ടുകാരുമായി സംസാരിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം വിദഗ്ധസംഘം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button