‘ചേച്ചി നിലനിൽപ്പിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ? അനാവശ്യ ചോദ്യം, അവതാരകനെ എയറിലാക്കി മനീഷ; സോഷ്യല്‍ മീഡിയയിൽ കൈയടി
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മത്സരാര്‍ത്ഥിയായി എത്തി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായ ആളാണ് ഗായികയും നടിയുമായ മനീഷ കെ എസ്. ഷോയ്ക്ക് ശേഷവും വിവിധ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകുന്ന മനീഷ. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ അനാവശ്യ ചോദ്യം ചോദിച്ച ആങ്കറിന് മനീഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
സെല്ലുലോയ്ഡ് എന്ന യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് മനീഷയ്ക്കെതിരെ അനാവശ്യ ചോദ്യവുമായി എത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 'ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്' എന്ന പരാമര്‍ശത്തെ അധികരിച്ചാണ് ചോദ്യം വന്നത്.
പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ ചേച്ചിയുടെ നിലനിൽപ്പിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ? എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ അവതാരകന്‍ ചോദിക്കുന്നത്.
ഇതിന് ചുട്ട മറുപടിയാണ് മനീഷ അപ്പോള്‍ തന്നെ നല്‍കുന്നത്. എന്ത് ഊള ചോദ്യം ആടോ ചോദിക്കുന്നത്, വീട്ടിലെ അമ്മയോട് ചോദിക്കുമോ എന്നാണ് മനീഷ ചോദിക്കുന്നത്. പിന്നാലെ മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഈ ഇന്റർവ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങൾ കൊണ്ട് ഇരുത്തുമ്പോൾ പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതൽ ആണ്. അത് വൈറൽ ആവാൻ ആണോ എന്നറിയില്ല, പക്ഷെ എന്നെപോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ല എന്നും മനീഷ പറയുന്നു.
വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. പലരും ഇത്തരം ചോദ്യങ്ങളെ ഇത്തരത്തില്‍ നേരിടണം എന്നാണ് കമന്‍റില്‍ പറയുന്നത്. എന്നാല്‍ ഇത് സ്ക്രിപ്റ്റഡ് ആണെന്ന് പറയുന്നവരും സോഷ്യല്‍ മീഡിയയിലുണ്ട്. സ്ക്രിപ്റ്റഡ് ആണെങ്കിലും ഇത്തരം ചോദ്യങ്ങള്‍ തീര്‍ത്തും അനാവശ്യം എന്ന് തന്നെയാണ് പലരും തുറന്നു പറയുന്നത്.
നേരത്തെയും മനീഷ തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. തനിക്കും സഹപ്രവര്‍ത്തകനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അന്ന് താന്‍ പ്രതികരിച്ച് സംഭവത്തില്‍ തീര്‍പ്പ് ഉണ്ടാക്കിയെന്നും പ്രതികരിക്കാനുള്ള ശേഷി എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകണമെന്നും മനീഷ കുറച്ച് ദിവസം മുന്‍പ് പ്രതികരിച്ചിരുന്നത്. ശരിക്കുള്ള ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും മനീഷ ആവശ്യപ്പെടുന്നു.