ലഖ്നൌ: ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലെന്ന് ലഖ്നൌ ഡിജിപി. ഉന്നാവ് സ്വദേശിയായ വിനയ്, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ വഴിത്തിരിവാകുന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും ലഖ്നൌ ഡിജിപി വ്യക്തമാക്കി. കേസിൽ അന്വേഷണം നടത്താൻ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശ കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു.
കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള ദളിത് പെണ്‍കുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റർ സപ്പോർട്ട് പതുക്കെ കുറച്ച് പെൺകുട്ടിയുടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ വിദഗ്ധസംഘത്തിലെ ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ പെൺകുട്ടി കൈകാലുകൾ ഇളക്കുന്നുണ്ട്. ഉടൻ തന്നെ പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഡോക്ടർമാർ അറിയിക്കുന്നു.
ദേഹത്ത് കണ്ടെത്തിയ വിഷാംശമാണ് പെൺകുട്ടികളുടെ മരണകാരണമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ മൂന്ന് പേരിലും വിഷാംശം എത്തിയെന്നതില്‍ പക്ഷെ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ആറ് സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. പോലീസ് നായയെ ഉപയോഗിച്ചും പെണ്‍കുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.