ചെന്നൈ: വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ലെന്നും അതില്‍ നിന്ന് അവരെ തടയുന്നതാണ് നിയമവിരുദ്ധ പ്രവൃത്തിയെന്നും മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ല. അതൊരു തരത്തിലും ക്രിമിനല്‍ കുറ്റമല്ല. അവരെ തടയാന്‍ നിയമത്തില്‍ വകുപ്പുകളുമില്ലെന്നുമായിരുന്നു ജസ്റ്റിസ് എംഎസ് രമേഷിന്റെ നീരീക്ഷണം.
അനുവദനീയമായ അളവില്‍ മദ്യം കൈവശം വെയ്ക്കുന്നതും കുറ്റകരമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരില്‍ അനാശാസ്യ നടപടികള്‍ ആരോപിച്ച് തഹസില്‍ദാര്‍ ഒരു ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്ത നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജൂണ്‍ 25 ന് ഇവിടെ പോലീസ് പരിശോധന നടത്തുമ്പോള്‍, അവിവാഹിതരായ ഒരാണും പെണ്ണും ഇവിടെ ഒരുമിച്ച് കഴിയുന്നുണ്ടായിരുന്നു. കൂടാതെ മുറിയില്‍ മദ്യക്കുപ്പികളുമുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ പ്രസ്തുത അപാര്‍ട്മെന്റ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇത് ചോദ്യം ചെയ്ത് ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍.