ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണം പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ രണ്ടു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സ്‌കൂളുകളും കോളജുകളും തല്‍ക്കാലം തുറക്കേണ്ടെന്നു തന്നെയാണ് തീരുമാനമെന്നാണ് സൂചന. മെട്രൊ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും. ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് സൂചനകളില്ല.
നിയന്ത്രണമുള്ള കാര്യങ്ങള്‍ മാത്രമായിരിക്കും മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ അനുവദനീയമായിരിക്കും.
സാമൂഹ്യ അകലം പാലിച്ചു പ്രവര്‍ത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സിനിമാ തീയറ്ററുകള്‍ തുറക്കാനിടയില്ല. മെട്രോ ട്രെയിനുകളില്‍ ചില സീറ്റുകള്‍ ഇരിക്കാന്‍ പാടില്ലാത്തവയെന്നു അടയാളപ്പെടുത്തും. ഇവയില്‍ ഇരിക്കുന്നതും മാസ്‌ക് ധരിക്കാതിരിക്കുന്നതും കടുത്ത ഫൈന്‍ ഈടാക്കാവുന്ന കുറ്റങ്ങളാക്കും. പൊതു സ്ഥലത്തു തുപ്പുന്നതിനും വന്‍ പിഴ ഈടാക്കും.
സംസ്ഥാനാന്തര യാത്രയ്ക്കുള്ള പാസുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തതയുണ്ടാവും. ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണെന്ന ആവശ്യം പശ്ചിമ ബംഗാള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമോയെന്നു വ്യക്തമല്ല.