ചൈനയിലെ അജ്ഞാത വൈറസ്: സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ചൈനയില്‍ വര്‍ധിച്ച് വരുന്ന ന്യൂമോണിയ കേസുകള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികള്‍ ഉടനടി അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികളിലെ ക്രമീകരണം വിലയിരുത്തണം.
ന്യൂമോണിയ കേസുകള്‍ നിരീക്ഷിക്കണം. ജില്ലാ-സംസ്ഥാന അധികാരികള്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം/തീവ്രമായ അക്യൂട്ട് റെസ്പിറേറ്ററി അണുബാധ തുടങ്ങിയ കേസുകള്‍ നിരീക്ഷിച്ച് കൊണ്ടേയിരിക്കണം. ഇന്‍ഫ്‌ലുവന്‍സ, മൈകോപ്ലാസ്മ ന്യുമോണിയ, സാര്‍സ്-കോവ് 2 തുടങ്ങിയ കാരണങ്ങളാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ആരോഗ്യമന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആശുപത്രി കിടക്കകള്‍, മരുന്നുകള്‍, വാക്‌സിനുകള്‍, ഓക്‌സിജന്‍, ആന്റിബയോട്ടിക്കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ടെസ്റ്റിംഗ് കിറ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവരെ കൊവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വേണ്ട മുന്‍കരുതലുകളോടെ കൈകാര്യം ചെയ്യണം. ഇത് നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോജക്ടിന്റെ (ഐ ഡി എസ് പി) ജില്ലാ, സംസ്ഥാന നിരീക്ഷണ യൂണിറ്റുകള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അജ്ഞാത വൈറസ് കാരണം ചൈനയില്‍ കുട്ടികളില്‍ ന്യുമോണിയ പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന പകര്‍ച്ചവ്യാധി അവലോകന യോഗത്തില്‍ അജ്ഞാത ന്യുമോണിയയും ചര്‍ച്ചയായി. അതേസമയം ലോകാരോഗ്യ സംഘടനയും സാഹചര്യം നിരീക്ഷിച്ച് വരികയാണ്. ചൈനയിലെ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നും സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗബാധകളെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രോമെഡ് പ്ലാറ്റ്‌ഫോമാണ് ചൈനയിലെ അജ്ഞാത ന്യുമോണിയയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പ്രോമെഡ് ആയിരുന്നു.