ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി അമേരിക്ക
വാഷിംഗ്ടണ്‍:ലോകമെമ്പാടും മരണം വിതച്ച് കൊവിഡ് രോഗബാധ പടര്‍ന്നുപിടിയ്ക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്ന് ട്രംപ് ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കടമ കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു. കൊറോണ വൈറസ് പടര്‍ന്നതിനുശേഷം സംഘടന അത് തെറ്റായി കൈകാര്യം ചെയ്യുകയും മൂടിവെക്കുകയും ചെയ്തു. അതിന് മറുപടി പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
മഹാമാരിയുടെ കാലത്തും ചൈനയെ രക്ഷിക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടനയുടേതെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. വൈറസ് വ്യാപനത്തിന് മുമ്പ് ലഭിച്ച പല വിവരങ്ങളും മറച്ച് വെച്ച് ചൈനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്.
കൊവിഡ് 19 രോഗബാധയേത്തുടര്‍ന്ന് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 1.26 ലക്ഷം പിന്നിട്ടു.രോഗബാധിതര്‍ 20 ലക്ഷത്തിനുമേല്‍ ആയി. അമേരിക്കയില്‍ മാത്രം കാല്‍ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 2284 പേര്‍ മരിച്ചു. ബ്രിട്ടണില്‍ രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ്