വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; ഗുരുതര ആരോപണവുമായി എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ്
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം. അതേസമയം, എല്ലാത്തിനും സമുദായം മറുപടി നല്‍കുമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എന്‍ഡിപിയിലും എസ്എന്‍ ട്രസ്റ്റിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്നും സുഭാഷ് വാസു ആരോപിക്കുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവര്‍ത്തനത്തില്‍ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസുവും അനുകൂലികളും പറയുന്നു.
അതേസമയം സുഭാഷ് വാസുവിന്റെ നീക്കത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. 136 യുണിയനുകളില്‍ 90 യൂണിയനുകള്‍ ഒപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. അടുത്തമാസം ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം.