KeralaNews

‘മല്ലികയിൽ കാണുന്ന യോഗ്യത മോദിക്കെതിരായ കുപ്രചാരണം, CPM-ന് വേണ്ടത് വരച്ചവരയിൽ നിൽക്കുന്നവരെ’

ന്യൂഡല്‍ഹി: കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലറായി മല്ലിക സാരാഭായിയെ നിയമിച്ചതില്‍ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വലിയ കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നതാണ് മല്ലിക സാരാഭായില്‍ സിപിഎം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന്റെ നയങ്ങളോട് യോജിക്കുന്നത് കൊണ്ടാണ് അവരെ ചാന്‍സലറാക്കിയതെന്നും അല്ലാതെ രാജ്യത്ത് വേറെ കലാകാരന്‍മാര്‍ ഇല്ലാഞ്ഞിട്ടല്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താളത്തിനൊത്ത് തുള്ളുന്നവരേയും മുഖ്യമന്ത്രി പറഞ്ഞാല്‍ വരച്ച വരയില്‍ നില്‍ക്കുന്ന ആളുകളേയുമാണ് സിപിഎമ്മിന് വേണ്ടത്. അതുകൊണ്ടാണ് മല്ലികാ സാരാഭായിയെ ചാന്‍സലറാക്കിയതെന്നും കഴിവിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അപേക്ഷ ക്ഷണിച്ച് കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മല്ലികാ സാരാഭായിയെ നിയമിച്ച ആളുകള്‍ തന്നെയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനേയും നേരത്തെ കോടതി ഇടപെട്ട് പുറത്താക്കിയ രണ്ട് വൈസ് ചാന്‍സലര്‍മാരേയും നിയമിച്ചതെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഭരണഘടനാ വിരുദ്ധമായ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിലൂടെ അഴിമതിക്ക് ശക്തി പകരാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഈ നടപടിയിലൂടെ പാര്‍ലമെന്ററി ജനാധിപത്യത്തെ അപഹാസ്യമാക്കുകയാണ് സര്‍ക്കാര്‍.

വിവിധ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണറെ നീക്കാനുള്ള നീക്കത്തിന് സിപിഎം തുടക്കംകുറിച്ചത്. അതല്ലാതെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഒരു ഉദ്ദേശവും സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇത്തരമൊരു ബില്‍ യുജിസി ചട്ടങ്ങള്‍ക്ക് എതിരാണ്. വിഷയത്തില്‍ ഇപ്പോഴും കൃത്യമായ നിലപാടില്‍ എത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിന് കൂട്ടുനില്‍ക്കുന്ന സമീപമാണ് അവരുടേതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ഒരു പ്രയോജനവുമില്ലാത്ത ഭരണഘടനയ്ക്ക് എതിരായ നിയമം പാസാക്കാന്‍ നിയമസഭാ സമ്മേളനം ചേര്‍ന്നതിലൂടെ ജനങ്ങളുടെ നികുതിപ്പണം നഷ്ടമാക്കുകയാണ്. ഭരണഘടനയ്ക്ക് എതിരായ, കോടതിയില്‍ പോലും നിലനില്‍ക്കാത്ത ഇത്തരമൊരു നിയമത്തില്‍ വീണ്ടുവിചാരം സര്‍ക്കാരിനുണ്ടാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button