KeralaNews

നിര്‍മ്മല സീതാരാമന്‍ തെറ്റിദ്ധരിപ്പിച്ചു; നവകേരള സദസ്സിൽ വിശദീകരിച്ചതോടെ അവർ പ്രതികരിച്ചു:പിണറായി

കൊച്ചി: സംസ്ഥാന വികസനത്തിന് സഹായിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് സമ്മേളനത്തിനിടെ കേന്ദ്ര ധനമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മുഖ്യമന്ത്രി. പെരുമ്പാവൂരിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജി.എസ്.ടിയുടെ നൂറ് ശതമാനവും ഐ.ജി.എസ്.ടി.യുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി പറഞ്ഞത്. അതോടൊപ്പം, കേന്ദ്ര നികുതിവരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, ഇത് രാജ്യത്തെ തന്നെ തെറ്റിദ്ധരിപ്പിക്കലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജി.എസ്.ടിയുടെ നൂറ് ശതമാനം സംസ്ഥാനത്തിന് നൽകുന്നുവെന്ന് ഈ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി തെറ്റിദ്ധാരണ പരത്തുന്നതിനായി നടത്തിയ പ്രസ്താവനയാണ്. ജി.എസ്.ടി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനത്തിന്റെ തന്നെ വരുമാനമാണ്. സംസ്ഥാനത്തിന്റെ സംവിധാനങ്ങൾ ഉപയോ​ഗിച്ചും വിഭവങ്ങൾ ചിലവഴിച്ചുമാണ് ഇവ പിരിച്ചെടുക്കുന്നത്.

ജി.എസ്.ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് തങ്ങളുടെ നികുതി അവകാശത്തിന്റെ 44 ശതമാനത്തോളം നഷ്ടപ്പെടുത്തേണ്ടി വന്നു. കേന്ദ​ത്തിന് ഇത് 28 ശതമാനമാണ്. എന്നാൽ, നടപ്പാക്കിയപ്പോൾ വിഹിതം നിശ്ചയിച്ചത് വരുമാനത്തിന്റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനുമെന്നാണ്. അപ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ട നികുതി വരുമാനത്തേക്കാൾ കുറഞ്ഞ വരുമാനം മാത്രമേ ഇതുവഴി ലഭിക്കുന്നുള്ളൂ.

സംസ്ഥാനം എന്ന നിലയിൽ നമ്മുടെ കൈയ്യിലുണ്ടാകേണ്ട പണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇക്കാര്യം നവകേരളസദസ്സിൽ പതിനായിരങ്ങളുടെ മുന്നിൽ വിശദീകരിക്കുകയാണ്. ഇതോടെ, കേന്ദ്ര ധനമന്ത്രി പ്രതികരിക്കാൻ നിർബന്ധിതയായി. വസ്തുതാവിരുദ്ധമായാണ് കാര്യങ്ങൾ അവതരിപ്പിച്ചതെങ്കിലും ഇതുവരെ സംസാരിക്കാതിരുന്ന വിഷയത്തിൽ അവർ പ്രതികരിക്കാൻ തയ്യാറായി. അതിന് കാരണം നവകേരള സദസ്സിന്റെ ഭാഗമായി പങ്കെടുക്കുന്ന ജനാവലി തന്നെയാണ്.

രണ്ട് കാര്യങ്ങളാണ് നവകേരള സദസ്സിന്റെ ഭാ​ഗമായി ജനസമക്ഷം അവതരിപ്പിക്കാൻ ഉദ്ദേശിച്ചത്. നമ്മുടെ നാട് വികസിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കാലാനുസൃതമായ പുരോഗതി എല്ലാ മേഖലകളിലും വേണമെന്നതാണ് ആഗ്രഹം. അത് എവിടെയെത്തി. ഇതോടൊപ്പം ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട നടപടികളെന്തൊക്കെയാണ് എന്നതാണ് മറ്റൊരു ഭാ​ഗം, മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker