ലോകത്ത് ആറില്‍ ഒരു കുട്ടി പട്ടിണിയില്‍; കൊവിഡ് കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്ന് യൂണിസെഫ്
ന്യൂയോര്‍ക്ക്: ലോകത്തെ കുട്ടികളില്‍ ആറില്‍ ഒരാള്‍ പട്ടിണിയിലാണെന്നും കൊവിഡ് മഹാമാരി കുഞ്ഞുങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചുവെന്നും യുണിസെഫും ലോകബാങ്ക് സംഘടനയും പുറത്തുവിട്ട റിപ്പോര്‍ട്ട്. അതായത് 35.6 കോടി കുട്ടികളാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. ഏറ്റവും കൂടുതല്‍ പട്ടിണി നേരിടുന്നത് ആഫ്രിക്കയിലെ സഹാറയുടെ തെക്കന്‍ മേഖലയിലാണ്. ഇവിടെ മൂന്നില്‍ രണ്ടു കുട്ടികള്‍ ദുരിതമനുഭവിക്കുന്നു. ദക്ഷിണേഷ്യയില്‍ ഇത് അഞ്ചിലൊരാളാണ്.
പ്രതിദിനം 1.90 ഡോളറോ അതില്‍ കുറവോ മാത്രം ജീവിത ചെലവിന് ലഭിക്കുന്നവരാണ് യു.എന്‍ രാജ്യാന്തര മാനദണ്ഡപ്രകാരം കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. 2013 -2017 കാലഘട്ടത്തില്‍ കൊടിയ ദാരിദ്ര്യം നേരിടുന്ന കുട്ടികളുടെ എണ്ണം 29 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്ത് അത് കുതിച്ചുയര്‍ന്നുവെന്ന് ‘ഗ്ലോബല്‍ എസ്റ്റേറ്റ് ഓഫ് ഇന്‍ മോണിറ്ററി പോവര്‍ട്ടി’ എന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആറില്‍ ഒരു കുട്ടി വീതം കടുത്ത ദാരിദ്ര്യമാണ് അനുഭവിക്കുന്നത്. ഇവര്‍ അതിജീവനത്തിനുള്ള പോരാട്ടത്തിലാണെന്നും യുണിസെഫ് ഡയറക്ടര്‍ ഓഫ് പ്രോഗ്രാം സഞ്ജയ് വിജശേഖര പറയുന്നു.
കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടേയും ദുരിതം പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ലോകജനസംഖ്യയില്‍ മൂന്നിലൊന്ന് പേര്‍ കുട്ടികളാണ്. മാരതമല്ല, ദാരിദ്ര്യം അനുഭവിക്കുന്നവരില്‍ പകുതിയും കുട്ടികളാണ്. ദാരിദ്ര്യം അനുഭവിക്കുന്ന മുതിര്‍ന്നവരെ അപേക്ഷിച്ച് രണ്ടിരട്ടിയാണ് കുട്ടികളുടെ എണ്ണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ചെറിയ കുട്ടികളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികല്‍ 20% പേര്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവരാണ്. കുട്ടികളില്‍ ആറിലൊരാള്‍ കടുത്ത ദാരിദ്ര്യത്തിലും, കൊവിഡിനു മുന്‍പാണെങ്കില്‍ പോലും ലോകത്തെ ഏറ്റവും ദരിദ്രരില്‍ 50 ശതമാനവും കുട്ടികളാണെന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്നും ലോകബാങ്ക് പൊവര്‍ട്ടി ആന്റ് ഇക്വിറ്റി ഗ്ലോബല്‍ ഡയറക്ടര്‍ കരോലിന സ്ഴെസ് പ്രമോ പറയുന്നു.