അൺഫോളോ ചെയ്തു, ആ പോസ്റ്റും ഇല്ല; അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം
കൊച്ചി:ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ഗായികയ്ക്ക് പുറമെ അവതാരികയായിട്ടും അമൃത പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവർഷം മുൻപാണ് അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും വിവാഹിതരായത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപി സുന്ദറും അമൃതയും ആണ് ചർച്ചാ വിഷയം.
അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് പലരും രംഗത്തെത്തുക ആയിരുന്നു.
അതേസമയം, പ്രണയ പോസ്റ്റ് ഒഴികെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. വേർപിരിയൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും അമൃതയോ ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.