കാസര്‍കോട്: പണ്ടൊക്കെ വിവാഹം ക്ഷണിക്കല്‍ എന്നു പറഞ്ഞാല്‍ ഒരു വലിയ ചടങ്ങായിരിന്നു. വിവാഹ കുറിയുമായി ക്ഷണിക്കേണ്ടവരെ നേരില്‍ കണ്ട് കാര്യം പറഞ്ഞ് ക്ഷണിക്കണം. ഇപ്പോള്‍ മൊബൈലും സോഷ്യല്‍ മീഡിയയുമൊക്കെ വന്നതോടെ സംഗതി വളരെ എളുപ്പമായി. നാട്ടിലിരുന്ന് അമേരിക്കയില്‍ ഇരിക്കുന്നവരെ വരെ വിവാഹം ക്ഷണിക്കാവുന്ന രീതിയിലേക്കെത്തി കാര്യങ്ങള്‍. ഫേസ്ബുക്ക് സുഹൃത്തുക്കളെ വിവാഹം ക്ഷണിക്കുന്നത് ഇപ്പോള്‍ സ്ഥിരം ഏര്‍പ്പാടാണ്. പലരും പല പ്രമുഖരെയും ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിക്കാറുമുണ്ട്. എന്നാല്‍ അടുത്ത സുഹൃത്തുക്കളല്ലാതെ ഒട്ടുമിക്ക ആളുകളും ഫേസ്ബുക്ക് ക്ഷണം സ്വീകരിച്ച് വിവാഹത്തിന് എത്താറില്ലെന്നതാണ് സത്യം. എന്നാല്‍ ക്ഷണം സ്വീകരിച്ച് തന്റെ വിവാഹ ദിവസം വീട്ടിലേക്ക് കയറിവന്ന ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ രാകേഷ്. ആ അപ്രതീക്ഷിത അതിഥി മറ്റാരുമായിരുന്നില്ല, കാസര്‍കോട് ജില്ലാ കളക്ടര്‍ ആയിരിന്നു.
എല്ലാവരെയും ഫേസ്ബുക്കിലൂടെ ക്ഷണിച്ച കൂട്ടത്തില്‍ കളക്ടറെയും രാകേഷ് ക്ഷണിച്ചിരുന്നു. എങ്കിലും വീട് തേടിപ്പിടിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എത്തുമെന്ന് രാകേഷ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വിവാഹ വീട്ടില്‍ ചെന്ന കാര്യം കളക്ടറും ഫേസ്ബുക്കില്‍ കുറിച്ചു. ഈ പോസ്റ്റ് കാസര്‍കോട്ട് വൈറലായിരിക്കയാണ്. കളക്ടറുടെ പോസ്റ്റിലും കാര്യമുണ്ട്. ഭര്‍ത്താവ് മരിച്ച ഏഴ് വയസ് പ്രായമുള്ള മകളുള്ള യുവതിയെ രാകേഷ് വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാതൃകയാണ് കളക്ടറെ ആ വീട്ടിലേയ്ക്ക് ആകര്‍ഷിച്ചത്. ഭര്‍ത്താവ് മരിച്ച സ്ത്രീകളുടെ ജീവിതം പ്രധാന സാമൂഹ്യ പ്രശ്നമെന്ന നിലയില്‍ കളക്ടര്‍ക്ക് മുമ്പിലുണ്ടായിരുന്നു.
‘സാര്‍ ഇന്ന് എന്റെ വിവാഹമാണ് സാര്‍, വന്നിരുന്നെങ്കില്‍ എനിക്കും കുടുംബത്തിനും ഒരു സന്തോഷമായിരിക്കും. ഞാന്‍ വിവാഹം കഴിക്കുന്നത് ഭര്‍ത്താവ് മരിച്ച ഏഴ് വയസുള്ള മകളുള്ള യുവതിയെയാണ്..’ എന്നായിരുന്നു രാകേഷിന്റെ കളക്ടര്‍ക്കുള്ള കുറിപ്പ്. നാടുനീളെ വിവാഹം അറിയിക്കാന്‍ പോയപ്പോഴും രാകേഷ് ഇങ്ങനെ പറഞ്ഞു തന്നെയാണ് ക്ഷണിച്ചത്. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം.
പതിവുപോലെ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് ഫയല്‍ നോക്കുന്ന നേരത്താണ് വാട്സ്ആപ്പ് സന്ദേശങ്ങളിലൊന്ന് കളക്ടര്‍ പ്രത്യേകം ശ്രദ്ധിച്ചത്, സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്ന് വന്ന, കല്യാണക്കുറി വായിച്ചപ്പോള്‍ പോകണമെന്ന് കളക്ടറുടെ മനസ് പറഞ്ഞു. ‘രാകേഷിന്റെ വാക്കുകള്‍ കൊള്ളിയാന്‍ പോലെ എന്റെ ഹൃദയത്തില്‍ കൊണ്ടു. ഉടന്‍ തീരുമാനിച്ചു വിവാഹത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണം. വീട് തേടിപ്പിടിച്ചു. നമ്മുടെ ജില്ല നേരിടുന്ന ചില സാമുഹിക പ്രശ്നങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ്..’ കളക്ടറുടെ പോസ്റ്റ് തുടരുന്നു. എന്തായാലും രാകേഷിന്റെ വലിയ മനസിന് സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈയ്യടിക്കുകയാണ്.