CricketNewsSports

‘ബാസ് ബോള്‍’, പിന്നാലെ ‘ബ്രംബ്രെല്ല’ടെസ്റ്റ് ക്രിക്കറ്റിനെ അമ്പരപ്പിച്ച് ഇംഗ്ലണ്ടിന്റെ പുതിയ കണ്ടുപിടുത്തം

എഡ്ജ്ബാസ്റ്റണ്‍:ടി20,ഏകദിനക്രിക്കറ്റ് തുടങ്ങി കാണികളെ ആകര്‍ഷിയ്ക്കുന്ന പരിമിത ഓവര്‍ കളികള്‍ ക്രിക്കറ്റ് ആരാധകരെ കീഴടക്കുന്നുവെങ്കിലും ക്രിക്കറ്റിന്റെ പരമ്പരാഗത ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചുവരവിന്റെ പാതയിലാണ് പേര് അന്വര്‍ത്ഥമാക്കുന്നതുപോലെതന്നെ ക്രിക്കറ്റിന്റെ കഠിന കഠോര ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ബാറ്ററായാലും ബൗളറായാലും ഫീല്‍ഡര്‍മാരായാലും എല്ലാ തരത്തിലും വിവിധ പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്ന ഫോര്‍മാറ്റ്.

അതിനാല്‍ തന്നെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ തിളങ്ങുന്നവര്‍ ടെസ്റ്റില്‍ മികവ് കാണിക്കണമെന്നില്ല, തിരിച്ചും. എന്നാല്‍ അഞ്ചുദിവസം 15 സെഷനുകളിലായി ക്ഷമയും ശ്രദ്ധയും കൃത്യതയുമെല്ലാം ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങള്‍ ഈ അടുത്ത കാലത്തായി മാറ്റിയെഴുതുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഇന്ത്യയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിലെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള ‘ബാസ്ബോള്‍’ എന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ തനത് പാരമ്പര്യശൈലിയെ പൊളിച്ചെഴുതുന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് വേര്‍ഷനായിരുന്നു അത്.

അന്ന് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിട്ടും മത്സരം നടന്ന സെഷനുകളില്‍ ഭൂരിഭാഗത്തിലും ആധിപത്യം പുലര്‍ത്താന്‍ സാധിക്കാതിരുന്നിട്ടും നാലാം ഇന്നിങ്സിലെ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലണ്ട് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുക്കുകയായിരുന്നു. 200-ന് മുകളിലുള്ള ലക്ഷ്യം പോലും നാലാം ഇന്നിങ്സില്‍ ദുഷ്‌കരമാണെന്നിരിക്കെയാണ് 378 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസമായി മറികടന്നത്.

അതും വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 76.4 ഓവറിനുള്ളില്‍. ടെസ്റ്റില്‍ ഇംഗ്ലണ്ട് ചേസ് ചെയ്ത് ജയിക്കുന്ന ഉയര്‍ന്ന സ്‌കോര്‍കൂടിയായിരുന്നു അത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന എട്ടാമത്തെ റണ്‍ ചേസ് വിജയവും.

ടെസ്റ്റില്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പുലര്‍ത്തുന്ന ഈ നിര്‍ഭയ സമീപനത്തിന് പിന്നില്‍ അടുത്തകാലത്ത് ടീമില്‍ വന്ന രണ്ട് മാറ്റങ്ങളാണ്. അതു തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സമവാക്യങ്ങള്‍ തന്നെ പൊളിച്ച ‘ബാസ്ബോള്‍’ എന്ന പേരിനു പിന്നിലുള്ളതും.

വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട മുന്‍ ന്യൂസീലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലനസ്ഥാനം ഏറ്റെടുത്തത് ഒരു വര്‍ഷം മുമ്പാണ്. ഇതോടൊപ്പം തന്നെ ജോ റൂട്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച സ്ഥാനത്ത് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സും വന്നു. ഈ രണ്ടു മാറ്റങ്ങള്‍ തന്നെയാണ് ഇംഗ്ലണ്ട് ടീമിന്റെ ഇപ്പോഴത്തെ ഭയമേതുമില്ലാത്ത സമീപനത്തിന് പിന്നില്‍.

അതോടെ ഇംഗ്ലണ്ടിന്റെ ഈ സമീപനത്തെ മക്കല്ലത്തിന്റെ നിക്ക്നെയിമായ ‘ബാസ്’ ചേര്‍ത്ത് ആരാധകര്‍ ‘ബാസ്ബോള്‍’ എന്ന് വിളിച്ചു. ഇപ്പോഴിതാ ഇത്തവണത്തെ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലി കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ആദ്യ ദിനം തന്നെ വെറും 78 ഓവറുകള്‍ മാത്രം ബാറ്റ് ചെയ്ത് 393 റണ്‍സ് അടിച്ചെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഇതിനു പിന്നാലെ ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത് ‘ബ്രംബ്രെല്ല’ എന്ന പേരാണ്. ഒന്നാം ഇന്നിങ്‌സില്‍ തങ്ങളുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനിന്ന് സെഞ്ചുറി നേടിയ ഓസീസ് താരം ഉസ്മാന്‍ ഖവാജയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് സെറ്റ് ചെയ്ത ഫീല്‍ഡാണ് ബ്രംബ്രെല്ല എന്ന പേരില്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ക്രിക്കറ്റ് മൈതാനത്തെ സംരക്ഷിക്കാന്‍ പിച്ച് മൂടാന്‍ ഉപയോഗിക്കുന്ന വലിയ പിച്ച് കവറിനെയാണ് ശരിക്കും ബ്രംബ്രെല്ല എന്ന് പറയുന്നത്.

321 പന്തുകള്‍ നീണ്ട ഖവാജയുടെ പ്രതിരോധം അവസാനിപ്പിക്കാന്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സും ഒലി റോബിന്‍സണും ചേര്‍ന്ന് സജ്ജീകരിച്ച ഒരു അസാധാരണ ഫീല്‍ഡിങ് വിന്യാസമായിരുന്നു അത്. സംഗതി വിചിത്രമായിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ ഈ മൈന്‍ഡ് ഗെയിമിനു മുന്നില്‍ ഖവാജ വീണു, അത് ഓസീസിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.

രണ്ടാം ദിനം ഇംഗ്ലണ്ടിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത് ഖവാജയായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും പന്തുകളുടെ സ്വിങ് കൃത്യമായി വായിച്ചെടുത്ത് ബാറ്റ് വീശിയ ഖവാജ, റോബിന്‍സന്റെ പേസിനു മുന്നിലും മോയിന്‍ അലിയുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നിലും ഇടറാതെ നിലകൊണ്ടു. മത്സരം പതിയെ തങ്ങളുടെ കൈയില്‍ നിന്നും വഴുതിമാറുന്നത് ഇംഗ്ലണ്ടിന് അറിയാമായിരുന്നു.

പരമ്പരാഗതമായ ഒരു ശൈലിയും ഖവാജയ്ക്കു മുന്നില്‍ വിലപ്പോവുന്നില്ലെന്ന് തിരിച്ചറിഞ്ഞ സ്‌റ്റോക്ക്‌സിന്റെയും റോബിന്‍സണിന്റെയും തലയില്‍ അപ്പോള്‍ ഒരു ആശയം ഉദിച്ചു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൗതുകകരമായ ഫീല്‍ഡ് സെറ്റിങ് സംഭവിക്കുന്നത് അവിടെ നിന്നാണ്.

അങ്ങനെ 113-ാം ഓവര്‍ എറിയാനെത്തിയ റോബിന്‍സണ്‍, ക്യാപ്റ്റനുമായി സംസാരിച്ച് ഷോര്‍ട്ട് സ്‌ക്വയര്‍ ലെഗ് മുതല്‍ ഷോര്‍ട്ട് എക്‌സ്ട്രാ കവര്‍ വരെ (ഷോര്‍ട് സ്‌ക്വയര്‍ ലെഗ്, ഷോര്‍ട് മിഡ് വിക്കറ്റ്, ഷോര്‍ട് മിഡ് ഓണ്‍, ഷോര്‍ട് മിഡ് ഓഫ്, ഷോര്‍ട് കവര്‍, ഷോര്‍ട്ട് എക്‌സ്ട്രാ കവര്‍) ആറ് ഫീല്‍ഡര്‍മാരെ ഒരു ചങ്ങലയില്‍ കൊരുത്തെന്ന പോലെ നിര്‍ത്തി. ഒരു കുടനിവര്‍ത്തിവെച്ചപോലെ. ഖവാജയില്‍ നിന്ന് 16 മീറ്റര്‍ അടുത്തായിരുന്നു ഈ ഓരോ ഫീല്‍ഡര്‍മാരും. ഖവാജയുടെ സാങ്കേതികതയെ വെല്ലുവിളിക്കാനോ അദ്ദേഹത്തിന്റെ ക്ഷമയെ പരീക്ഷിക്കാനോ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല ഈ ഫീല്‍ഡ് സെറ്റിങ്.

മറിച്ച് തമാശയെന്ന് തോന്നുന്ന തരത്തില്‍ പക്ഷേ കൃത്യമായി ബാറ്ററെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രദ്ധാപൂര്‍വം ഉണ്ടാക്കിയെടുത്ത ഒന്നായിരുന്നു. പോയന്റില്‍ ഒഴിഞ്ഞുകിടക്കുന്ന വിശാലമായ ഇടം ഖവാജയെ ആകര്‍ഷിക്കുമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. കൃത്യമായി ആ കെണിയില്‍ തന്നെ ഖവാജ തലവെച്ചു, റോബിന്‍സന്റെ ഓവറിലെ നാലാം പന്ത് സ്റ്റെപ്പ് ഔട്ട് ചെയ്ത് പോയന്റിലേക്ക് കളിക്കാനുള്ള താരത്തിന്റെ ശ്രമം പിഴച്ചു. റോബിന്‍സന്റെ യോര്‍ക്കര്‍ ഖവാജയുടെ ഓഫ് സ്റ്റമ്പുമായി പറന്നു.

ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ 386 റണ്‍സില്‍ പുറത്താക്കാനായത് ഖവാജയെ വീഴ്ത്തിയ ഈ കെണിയായിരുന്നു. ഖവാജ പുറത്തായ ശേഷം പിന്നീട് 14 റണ്‍സ് മാത്രമേ ഓസീസ് സ്‌കോര്‍ ബോര്‍ഡിലെത്തിയുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker