വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും; യു.എന്‍ രക്ഷാകൗണ്‍സില്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു
ന്യൂയോര്‍ക്ക്: വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവര്‍ത്തിച്ചതോടെ യുഎന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി. യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും പ്രശ്‌നപരിഹാരമായില്ല. രക്ഷാ സമിതി വെര്‍ച്വല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തില്‍ ഉണ്ടായില്ല.
യോഗത്തില്‍ ഇസ്രയേല്‍-പലസ്തീന്‍ പ്രതിനിധികള്‍ രൂക്ഷമായ ഭാഷയില്‍ പരസ്പരം കുറ്റപ്പെടുത്തി. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഗാസയിലെ മാധ്യമങ്ങളുടെ ഓഫീസ് തകര്‍ത്തതിനെയും ന്യായീകരിച്ചു.
ഹമാസിന്റെ ആയുധശേഖരം ആ കെട്ടിടത്തിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ഉണ്ടാകണമെങ്കില്‍ തങ്ങളുടെ നിബന്ധനകള്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടേ സാധ്യമാവൂ എന്ന് ഹമാസ് ഡെപ്യൂട്ടി തലവന്‍ മൗസ അബു മര്‍സൂഖ് പറഞ്ഞു.
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു പലസ്തീനിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. പലസ്തീനികളെ വേരോടെ പിഴുതെറിയാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് തങ്ങള്‍ മിസൈല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യുഎനിലെ ഇസ്രയേല്‍ പ്രതിനിധി ജിലാഡ് എര്‍ദന്റെ വാദം.
അതിനിടെ, സംഘര്‍ഷം ഉടന്‍ അവസാനിപ്പിച്ച് ഇരുപക്ഷവും സമാധാനം പാലിക്കണമെന്ന് യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ ആവര്‍ത്തിച്ചു. ഗാസയില്‍ 58 കുട്ടികള്‍ ഉള്‍പ്പെടെ 197 പേരും ഇസ്രയേലില്‍ പത്തുപേരും ഇതുവരെ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.