2021 ലോകത്തിലെ പല ദരിദ്ര രാജ്യങ്ങള്‍ക്കും ദുരന്തമാകും; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന
ന്യൂയോര്‍ക്ക്: 2021 ലോകത്തിലെ പല ദരിദ്ര രാജ്യങ്ങള്‍ക്കും ദുരന്തമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് വാക്സിന്‍ കണ്ടെത്തുമ്പോള്‍ ദരിദ്രര്‍ ചവിട്ടിമെതിക്കപ്പെടാമെന്നാണ് വിലയിരുത്തല്‍. കൊവിഡിനെ വിലയിരുത്തി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോമും, ലോക ഭക്ഷ്യ പരിപാടി തലവന്‍ ഡേവിഡ് ബീസ്ലിയും ചര്‍ച്ചയില്‍ ആശങ്കകള്‍ പങ്കുവച്ചു.
ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച് 75 വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ അഭിമുഖീകരിച്ചതില്‍ വച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ് 2021 എന്നാണ് വിലയിരുത്തുന്നത്. എല്ലാസാഹചര്യത്തിലും ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ യു.എന്നിന് കഴിഞ്ഞെന്നുവരില്ലെന്നാണ് ഡേവിഡ് ബീസ്ലി പറഞ്ഞത്. ‘ടൈറ്റാനിക്കിന് മുന്നിലുള്ള മഞ്ഞുപാളിയെന്നാണ്’ അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
പലരാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തില്‍ വിജയിക്കുന്നത് ‘തുരങ്കത്തിന്റെ അവസാനം വെളിച്ചം കാണുന്നതിന്’ തുല്യമാണെന്നാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം കൂട്ടിച്ചേര്‍ത്തത്. ഫൈസറിന്റെ കൊവിഡ് വാകിസിന് അനുമതി നല്‍കി ബ്രിട്ടണ്‍ മരുന്ന് ജനങ്ങളിലേക്കെത്തിക്കുന്ന ആദ്യ രാജ്യമാകാന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.