28.9 C
Kottayam
Sunday, May 12, 2024

ആഴ്ചയില്‍ ആറു ദിവസം ക്ലാസ്, വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാദിവസവും തെര്‍മല്‍ സ്‌കാനിംഗ്; കോളേജുകള്‍ തുറക്കുന്നതില്‍ യു.ജി.സി മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

Must read

ന്യൂഡല്‍ഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി യു.ജി.സി. സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതമെന്നും യുജിസി നിര്‍ദേശിക്കുന്നു.

ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. അധ്യാപന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം. ഹോസ്റ്റലുകള്‍ അത്യാവശ്യമെങ്കില്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. ഹോസ്റ്റല്‍ മുറിയില്‍ ഒരാള്‍ക്ക് മാത്രമാവും താമസിക്കാന്‍ അനുവാദം. സുരക്ഷാ മുന്‍കരുതല്‍ എടുത്ത് ഘട്ടം ഘട്ടമായി വേണം സ്ഥാപനങ്ങള്‍ തുറക്കാന്‍. പകുതി വിദ്യാര്‍ഥികളെ മാത്രമേ ഒരു സമയം അനുവദിക്കുകയുള്ളു.

ആര്‍ട്സ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍-വിദൂര പഠന രീതി തുടരുന്നതാവും നല്ലത്. ആവശ്യമെങ്കില്‍ കോളജുകളില്‍ എത്തി സംശയ നിവാരണത്തിനും മറ്റം സമയം അനുവദിക്കാം. കോളജുകളില്‍ എത്താന്‍ താത്പര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനില്‍ പഠനം തുടരാന്‍ അവസരം നല്‍കണം.

കണ്ടെയ്ന്‍മെന്റ് സോണിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. വീട്ടില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും തെര്‍മല്‍ സ്‌കാനിങ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ആശങ്ക, മാനസിക സമ്മര്‍ദം എന്നിവ പരിഹരിക്കാന്‍ കൗണ്‍സിലറുടെ സേവനം.

വിദ്യാര്‍ഥികള്‍ക്ക് ക്യാംപസിനുള്ളിലോ, ആശുപത്രികളുമായി ചേര്‍ന്നോ ക്വാറന്റീന്‍, ഐസൊലേഷന്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം. പുറത്ത് നിന്നുള്ള വിദഗ്ധരുടെ സന്ദര്‍ശനം, പഠന യാത്രകള്‍, ഫീല്‍ഡ് ജോലികള്‍, യോഗങ്ങള്‍ എന്നിവ ഒഴിവാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week