കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കുന്നു. ഇരുമുന്നണികളും ഒരുമിച്ചു നിന്നാലും വാര്‍ഡ് പിടിക്കാനാവില്ലെന്നാണ് ട്വന്റി- ട്വന്റിയുടെ ആത്മവിശ്വാസം.
കുമ്മനോട് വാര്‍ഡിലെ അമ്മിണി രാഘവന്‍ എല്‍ഡിഎഫിനും യുഡിഎഫിനും അവരുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. എന്നാല്‍ മുന്നണി ധാരണകള്‍ ഇല്ലെന്നും എല്‍ഡിഎഫ് സ്വതന്ത്രയായ തനിക്ക് യുഡിഎഫ് പിന്തുണ നല്‍കുന്നുവെന്നുമാണ് സ്ഥാനാര്‍ത്ഥിയുടെ പക്ഷം. വികസനപ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിക്കുന്ന ട്വന്റി ട്വന്റിയോട് എതിര്‍പ്പും അമര്‍ഷവും ഉള്ളവരുടെ വോട്ട് തനിക്ക് ലഭിക്കുമെന്നും അമ്മിണി രാഘവന്‍ പറയുന്നു.
കഴിഞ്ഞ തവണ 455 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച വാര്‍ഡില്‍ ആരൊക്കെ ഒരുമിച്ച് നിന്നാലും വിജയം ഉറപ്പെന്ന് ട്വന്റി- ട്വന്റി സ്ഥാനാര്‍ത്ഥി പി ഡി ശ്രീഷ പറയുന്നു. എല്‍ഡിഎഫ്- യുഡിഎഫ് കൂട്ടുകെട്ടും ട്വന്റി- ട്വന്റി പ്രചാരണായുധം ആക്കുന്നുണ്ട്.
ബംഗാളില്‍ ബിജെപിക്കെതിരെ എന്നപോലെ ഇങ്ങ് കിഴക്കമ്പലത്ത് ട്വന്റി 20ക്ക് എതിരെയാണ് സിപിഐഎമ്മും കോണ്‍ഗ്രസും കൂട്ടുകൂടുന്നത്. ട്വന്റി- ട്വന്റി പോലുള്ള കൂട്ടായ്മകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ ഈ കൂട്ടുകെട്ടിനെ പ്രാദേശിക നീക്കുപോക്ക് എന്ന തരത്തില്‍ നിസാരവല്‍ക്കരിക്കുകയാണ് മുന്നണി നേതൃത്വങ്ങള്‍.