KeralaNews

വിളംബര ജാഥ, കുറ്റവിചാരണ,അരലക്ഷം പേരുടെ സെക്രട്ടേറിയറ്റ് ഉപരോധം,സഹകാരി സംഗമം; സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്

തിരുവനന്തപുരം: അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഈ മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. ‘റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന ഈ പരിപാടിയിൽ എല്ലാ ജില്ലകളില്‍ നിന്നുമായി അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. 

ഇതിനു മുന്നോടിയായി ഈ മാസം 10നും 15നുമിടയില്‍ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 12 വോളന്റിയർമാർ വിളംബര ജാഥ സംഘടിപ്പിക്കും. 18ന് തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ രാവിലെ ആറു മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ ആശാന്‍ സ്‌ക്വയറില്‍ കേന്ദ്രീകരിച്ച് പദയാത്രയായി സെക്രട്ടേറിയറ്റിലേക്ക് നീങ്ങും.

എഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തണം, കോവിഡ് കാലത്ത് സൗജന്യകിറ്റ് വിതരണം ചെയ്തയിനത്തില്‍ റേഷന്‍കടക്കാര്‍ക്ക് നല്‍കാനുള്ള 48 കോടി രൂപ കമ്മിഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യണം എന്നിവ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് ഉപരോധം. 

സര്‍ക്കാരിന്റെ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനകീയ സദസുകള്‍ക്ക് ബദലായി 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് കുറ്റവിചാരണ ജനകീയ സദസുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിനെതിരെ തയാറാക്കുന്ന ഈ കുറ്റപത്രത്തിലൂടെ തകരുന്ന കേരളത്തിന്റെ യഥാർഥ ചിത്രം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കുറ്റവിചാരണ ജനസദസ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അടുത്ത യുഡിഎഫ് ഏകോപന സമിതി അന്തിമ തീരുമാനമെടുക്കും. 

കരകുളം കൃഷ്ണപിള്ള ചെയര്‍മാനും അബ്ദുള്‍ ഹമീദ് എംഎല്‍എ, എം.പി.സാജു എന്നിവര്‍ കണ്‍വീനര്‍മാരുമായി യുഡിഎഫ് രൂപം നല്‍കിയ സഹകരണ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ 16ന് തിരുവനന്തപുരത്ത് സഹകാരികളുടെ സംഗമം സംഘടിപ്പിക്കും. ‘നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറുങ്കിലടയ്ക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന സഹകാരി സംഗമത്തില്‍ യുഡിഎഫ് അനുകൂലികളായ സഹകാരികള്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും. 

സഹകരണ സംഘങ്ങളില്‍ സിപിഎം നടത്തുന്ന കൊള്ളയ്‌ക്കെതിരെ യുഡിഎഫ് സമരം വ്യാപിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്ന സെമിനാറുകളിലും ചര്‍ച്ചകളിലും യുഡിഎഫ് സഹകാരികള്‍ പങ്കെടുക്കും. എന്നാല്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് സംയുക്ത സമ്മേളനങ്ങളോ, സമരങ്ങളോ നടത്തില്ലെന്നും എം.എം.ഹസന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker