KeralaNews

കളമശേരി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകും,പിന്തുണ പിന്‍വലിയ്ക്കാനൊരുങ്ങി മുസ്ലിംലീഗ്‌

കൊച്ചി :കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി.എസ്.സമീലിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടി പരസ്യമായി പ്രവർത്തിച്ച നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, കെ.പി.സി.സി നിർവ്വഹക സമിതിയംഗം ജമാൽ മണക്കാടൻ എന്നിവർക്കെതിരെയുള്ള പരാതിയിൽ കോൺഗ്രസ് നടപടിയെടുക്കാത്തതിനെതിരെ മുസ്ലിം ലീഗ് ശക്തമായ നടപടിയിലേക്ക് നീങ്ങുന്നു.

കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റി വിളിച്ചു കൂട്ടിയ നേതൃ യോഗം വി.എസ്.സമീലിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടി പരസ്യമായി പ്രവർത്തിച്ച നഗരസഭ ചെയർപേഴ്സൺ സീമ കണ്ണനെ ചെയർപേഴ്സൺ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരെ ഈ സ്ഥാനത്തു നിന്നും നീക്കാത്ത പക്ഷം ഇവർക്ക് മുസ്ലിം ലീഗിന്റെ കൗൺസിൽ അംഗങ്ങളുടെ പിന്തുണ പിൻവലിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇബ്രാഹിംകുഞ്ഞ് പക്ഷക്കാരായ മൂന്നു കൗൺസിലർമാരും ലീഗിന്റെ തീരുമാനത്തിനൊപ്പമാണ്.

കൂടാതെ മുനിസിപ്പൽ തെരഞ്ഞെടുപ്പിലും തുടർന്നു നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച കെ.പി.സി.സി നിർവ്വഹക സമിതിയംഗം ജമാൽ മണക്കാടനെതിരെ ശക്തമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തോട് യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ക്കും ഡിസിസി ക്കും പരാതി നൽകുകയും ലീഗ് ടൗൺ നേതാക്കളെ വിളിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്തതിൽ യോഗത്തിൽ പങ്കെടുത്ത എല്ലാവരും ശക്തമായ നീക്കം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തന്നെയുമല്ല ലീഗിന്റെ ജില്ലാ നേതൃത്വത്തോട് ആലോചിക്കാതെ ജില്ലാ ആസൂത്രണ സമിതിയിലേക്ക് യു ഡി എഫ് പ്രതിനിധിയായി ജമാൽ മണക്കാടനെ തന്നെ തീരുമാനിച്ചത് ഡിസിസിയുടെ ധിക്കാരമാണെന്നും യോഗം വിമർശിച്ചു. ജമാലിനെ മാറ്റി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമെന്നും അല്ലാത്ത പക്ഷം ജില്ലയിലെ മുസ്‌ലിം ലീഗിന്റെ കോർപ്പറേഷൻ, മുനിസിപ്പൽ അംഗങ്ങൾ ജമാലിനെതിരെ വോട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകണമെന്നും യോഗം ലീഗിന്റെ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം അബ്ബാസ് , മണ്ഡലം സെക്രട്ടറിമാരായ,കെ. എ സിദ്ധീഖ്, സി.എ.അബ്ദുൽ കരീം, ടൗൺ പ്രസിഡണ്ട്പി. എം. എ ലത്തീഫ്, ടൗൺ ജനറൽ സെക്രട്ടറി പി.ഇ.അബ്ദുൽ റഹീം തുടങ്ങിയവരാണ് പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker