തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും പാസാക്കാനൊരുങ്ങി യുഡിഎഫ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഇതിന്റെ ചുമതല ഏല്‍പിച്ചതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഗൗരവമായ ചര്‍ച്ച നടന്നു. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരെ പ്രമേയവും പാസാക്കാനാണ് തീരുമാനിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്. കള്ളക്കടത്ത് കേസില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പിടിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. എങ്കില്‍ പോലും വ്യക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ലീവെടുക്കാന്‍ പറയുന്നത് ഉചിത നടപടിയല്ലെന്നും ബെന്നി ബെഹ്നാന്‍ വിശദീകരിച്ചു.