
ചെന്നൈ: സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദത്തിൽ. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. അടക്കമുള്ളവര്‍ രംഗത്തെത്തി.
‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.
എതിര്‍ക്കപ്പെടേണ്ടതിനേക്കാള്‍, തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതനം. സനാതനം എന്ന വാക്ക് സംസ്‌കൃതത്തില്‍നിന്നാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു.
മന്ത്രിയും ഡി.എം.കെ. നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. ഐ.ടി. സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ രംഗത്തെത്തി. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനംചെയ്തതെന്ന വാദമാണ് അമിത് മാളവ്യ ഉയര്‍ത്തിയത്. പ്രതിപക്ഷസഖ്യത്തിലെ പ്രധാന ഘടകകക്ഷിയും കോണ്‍ഗ്രസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയുമാണ് ഡി.എം.കെ. മുംബൈയിലെ യോഗത്തില്‍ അവര്‍ എത്തിച്ചേര്‍ന്ന ധാരണ ഇതാണോയെന്ന് വ്യക്തമാക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
എന്നാല്‍, താന്‍ വംശഹത്യയ്ക്ക് ആഹ്വാനംചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തി. താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാവി ഭീഷണികള്‍ക്കുമുന്നില്‍ തലകുനിക്കില്ല. സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.