InternationalNewspravasi

സന്ദർശക, വിദ്യാർഥി വിസ നിരക്കുകൾ വർധിപ്പിച്ച് UK; ഒക്ടോബർ നാല് മുതൽ പ്രാബല്യത്തിലാകും

ലണ്ടൻ: സന്ദർശക, വിദ്യാർഥി വിസ നിരക്കുകള്‍ കൂട്ടി യു.കെ. വര്‍ധനവ്‌ ഒക്‌ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാർഥി വിസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ സന്ദർശക വിസയുടെ അപേക്ഷാ ഫീസ്‌ 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാർഥി വിസകളുടെ അപേക്ഷകൾക്ക് ഈടാക്കുന്ന തുക 490 പൗണ്ടുമായും (50,000 രൂപയിലേറെ) ഉയർന്നു.

വിസ ഫീസ് നിരക്കിൽ വർധനയുണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ ശമ്പളം കൂട്ടാന്‍ ലക്ഷ്യമിട്ടാണ്‌ നിരക്ക് വര്‍ധനവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്‌, ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് അടക്കം മറ്റ് സേവനങ്ങൾക്കുള്ള ഫീസുകളിലും വർധനവുണ്ടാകും. വർധനവ് നിലവിൽ വരുന്നതോടെ ഒരു ബില്ല്യൺ പൗണ്ട് സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ജോലിസംബന്ധവും സന്ദര്‍ശക ആവശ്യങ്ങള്‍ക്കുമായുള്ള വിസകളുടെ നിരക്കിൽ 15 ശതമാനവും വിദ്യാർഥി വിസകളുടെ നിരക്കിൽ 20 ശതമാനത്തിന്റെയും വർധനവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button