ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കങ്ങഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(34), ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിനി(31) എന്നിവരെയാണ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളാവൂര്‍ സ്വദേശിനിക്കൊപ്പമെത്തിയ ഭര്‍ത്താവിന്റെയും മകന്റെയും പരിശോധനാഫലം നെഗറ്റീവാണ്.
ഇതോടെ കോട്ടയം ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇന്ന് ഫലം വന്ന 202 സാമ്പിളുകളില്‍ 200 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ 7821 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. ഇതില്‍ 6444 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 1206 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ശേഷിക്കുന്നവര്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളാണ്