CrimeKeralaNewsNews

ഷാനിന്റെ കൊലപാതകം; രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ്.പി. ജി. ജയദേവ് അറിയിച്ചു.

ഗൂഢാലോചനയിൽ പങ്കുള്ളവരാണ് അറസ്റ്റിലായ ഇരുവരുമെന്ന് എസ്.പി. പറഞ്ഞു. രണ്ടുപേരും ആർ.എസ്.എസിന്റെ സജീവപ്രവർത്തകരാണെന്നും എസ്.പി. വ്യക്തമാക്കി. കേസിൽ ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികൾ അറസ്റ്റിലായാലേ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം അടക്കം വ്യക്തമാവുകയുള്ളൂ. രഞ്ജിത്ത് കൊലക്കേസിലും പ്രതികൾ ഉടൻ വലയിലാകുമെന്നും എസ്.പി. പറഞ്ഞു.


രണ്ടുപേർ അറസ്റ്റിലായ വിവരം എ.ഡി.ജി.പി. വിജയ് സാഖറെയും സ്ഥിരീകരിച്ചു. ഷാൻ കൊലക്കേസിൽ കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രസാദാണ് കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നടത്താനുള്ള വാഹനം ഏർപ്പാടാക്കി നൽകിയതും. ഷാൻ കൊലക്കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരിൽ ബാക്കി എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നും കൊലപാതകത്തിന് പിന്നിൽ മറ്റ് ഗൂഢാലോചനകളുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നും എ.ഡി.ജി.പി. പറഞ്ഞു.

രഞ്ജിത് കൊലക്കേസിൽ നിലവിൽ 12 പ്രതികളാണുള്ളതെന്നും എ.ഡി.ജി.പി. വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടാകാനും സാധ്യതയുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടാൻ കഴിയും. അന്വേഷണം തുടരുന്നതിനാൽ ചിലകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button