26.9 C
Kottayam
Thursday, May 16, 2024

ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍; ആത്മഹത്യയിലേക്ക് നയിക്കുന്നത് ഈ രണ്ടു കാരണങ്ങള്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും പെണ്‍കുട്ടികളാണ്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവും ആത്മഹത്യകള്‍ക്ക് കൂടുതലായി കാരണമാകുന്നുവെന്നും കണ്ടെത്തല്‍.

കുട്ടികളിലെ ആത്മഹത്യാ നിരക്കും കാരണങ്ങളും കണ്ടെത്താന്‍ നിയോഗിച്ച ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. ലോക്ഡൗണിന് രണ്ട് മാസം മുന്‍പ് മുതല്‍ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധിച്ചത്.

ഈ കാലയളവില്‍ 158 കുട്ടികള്‍ ആത്മഹത്യ ചെയ്തതില്‍ 90 പേരും പെണ്‍കുട്ടികളാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടിലെ ഗൗരവമേറിയ കണ്ടെത്തല്‍. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതില്‍ 148 പേരും. ഇതില്‍ തന്നെ 71 പേരും പെണ്‍കുട്ടികളാണ്.

ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവുമാണ് ജീവനൊടുക്കാന്‍ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും പ്രേരണായത്. ആത്മഹത്യ ചെയ്ത 158 കുട്ടികളില്‍ 132 പേരും അണുകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മാതാപിതാക്കളടക്കം ശകാരിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേരും ജിവനൊടുക്കിയത്. പ്രത്യേകിച്ച് കാരണമില്ലാതെ 41 ശതമാനം കുരുന്നുകള്‍ ജീവിതമവസാനിപ്പിച്ചതായും സമിതിയുടെ പഠനത്തില്‍ കണ്ടെത്തി. ലോക്ഡൗണ്‍ കാലത്ത് മാത്രം 173 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന പോലീസിന്റെ കണക്കുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week