തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പഞ്ചായത്തുകളെ കൂടി ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍, കാസര്‍ഗോഡ് അജാനൂര്‍ എന്നീ പഞ്ചായത്തുകളാണ് ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇപ്പോള്‍ സംസ്ഥാനത്ത് ആകെ 102 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. ഇതില്‍ 28 എണ്ണം കണ്ണൂര്‍ ജില്ലയിലാണ്. ഇടുക്കിയില്‍ 15 ഹോട്ട്‌സ്‌പോട്ടുകളുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. കോട്ടയത്ത് 18, കൊല്ലം 15, ഇടുക്കി 14, കാസര്‍ഗോഡ് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ചികിത്സയിലുള്ള ആളുകളുടെ കണക്ക്. തൃശൂര്‍, വയനാട്, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ല.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 10 പേര്‍ രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരില്‍ 6 പേര്‍ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകള്‍ രണ്ട് പേര്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാള്‍ ആന്ധ്രയില്‍ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്ന ആളാണ്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് അസുഖം പകര്‍ന്നത്.